അര്‍ജന്റീനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജാവിയര്‍ മിലി; വീണ്ടും പ്രോ-ലൈഫ് പ്രതീക്ഷകള്‍; വിമര്‍ശനങ്ങളും ഏറെ

അര്‍ജന്റീനയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജാവിയര്‍ മിലി; വീണ്ടും പ്രോ-ലൈഫ് പ്രതീക്ഷകള്‍; വിമര്‍ശനങ്ങളും ഏറെ

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ നേതാവ് ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന 53 കാരനായ മിലേ ഗര്‍ഭച്ഛിദ്രം വീണ്ടും ക്രിമിനല്‍ കുറ്റമാക്കുമെന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയം എന്നത് പ്രോ-ലൈഫ് അനുകൂലികളെ ആഹ്‌ളാദിപ്പിക്കുന്നു. 2020 ഡിസംബറില്‍ മൂന്നരമാസം വരെയുള്ള ഗര്‍ഭഛിദ്രം അര്‍ജന്റീന നിയമവിധേയമാക്കിയിരുന്നു.

1983 ല്‍ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ജാവിയര്‍ മിലേ വിജയിച്ചത്. ഇടതും വലതുമായ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികളുടെ ആധിപത്യത്തെ തകര്‍ത്തുകൊണ്ടാണ് മിലേയുടെ ഞെട്ടിപ്പിക്കുന്ന വിജയം. 1940 മുതല്‍ അര്‍ജന്റീനിയന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്തുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദര്‍ ഫോര്‍ ചേഞ്ചിനെയുമാണ് മിലേ നേരിട്ടത്.

വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജാവിയര്‍ മിലേ 56 ശതമാനം വോട്ട് നേടിയാണ് അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥിയും നിലവിലെ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയുമായ സെര്‍ഗിയോ മാസയ്ക്ക് 44.3% വോട്ട് മാത്രമാണു ലഭിച്ചത്. ഡിസംബര്‍ 10ന് ജാവിയര്‍ മിലേ അധികാരമേല്‍ക്കും.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ള ജാവിയര്‍ 'മിനി ട്രംപ്' എന്നാണ് അറിയപ്പെടുന്നത്. അധികാരത്തിലെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ജാവിയര്‍ പക്ഷേ തോക്ക് കൈവശം വയ്ക്കുന്നതിനും അവയവങ്ങള്‍ വില്‍ക്കുന്നതിനും അനുകൂലമാണെന്നതാണ് വിമര്‍ശനം ഉയരാന്‍ കാരണം. ആക്രമണാത്മകമായ സംസാര ശൈലിയുള്ള ജാവിയര്‍ സാമ്പത്തിക വിദഗ്ദ്ധനും കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും രണ്ടു ബിരുദാനന്തര ബിരുദങ്ങളുമുള്ള മിലേ വിവിധ ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

കമ്മ്യൂണിസ്റ്റുകളോട് ഇടപെടില്ലെന്ന് പറയുന്ന ജാവിയര്‍ മിലേ ചൈനയുടെയും ബ്രസീലിന്റെയും കടുത്ത വിമര്‍ശകനാണ്. അമേരിക്കന്‍ ബന്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നു.

രണ്ടു വര്‍ഷം മുമ്പാണ് ജാവിയര്‍ മിലേ, 'ലിബാര്‍ട്ടസ് അവന്‍സ' എന്ന പാര്‍ട്ടിയുടെ അര്‍ജന്റീനയില്‍ സാന്നിധ്യമറിയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് ചെറുപ്പക്കാര്‍ക്കിടയില്‍ അദ്ദേഹം ജനപ്രിയനായത്.

അതേസമയം ഗര്‍ഭച്ഛിത്രം മുതലായ തീരുമാനങ്ങള്‍ക്കെതിരെ നില്‍ക്കുന്ന മിലേ, ഫ്രാന്‍സിസ് പാപ്പയെ വിമര്‍ശിച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു. കത്തോലിക്ക വിശ്വാസിയാണെങ്കിലും അദ്ദേഹത്തിന്റെ വത്തിക്കാന്‍ വിരുദ്ധ നിലപാടുകള്‍ പുരോഹിത്മാരില്‍ നിന്ന്് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മിലേയുടെ വിജയത്തെക്കുറിച്ച് അര്‍ജന്റീനിയന്‍ ബിഷപ്പുമാര്‍ പ്രതികരിച്ചിട്ടില്ല.

മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചുപിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ജാവിയര്‍ മിലേയുടെ ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും കാലിയായ ഖജനാവും മിലേയുടെ മുന്നിലെ വെല്ലുവിളിയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 4400 കോടി ഡോളറിന്റെ കടവും മിലേയ്ക്ക് മുന്നില്‍ പ്രതിസന്ധിയായി നില്‍ക്കുന്നു.

സെന്‍ട്രല്‍ ബാങ്ക് അടച്ചുപൂട്ടുക, ചെലവ് വെട്ടിക്കുറയ്ക്കുക തുടങ്ങിയവയാണ് മിലേയുടെ ആലോചനയിലുള്ള പ്രധാന പദ്ധതികള്‍. മിലേയുടെ വിജയം അര്‍ജന്റീനയുടെ രാഷ്ട്രീയ കാലാവസ്ഥയെയും സാമ്പത്തിക പദ്ധതികളെയും മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.