നാഷണല്‍ ഹെറാള്‍ഡിന്റെ 752 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി; തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് ബിജെപി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡിന്റെ 752 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി; തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് ബിജെപി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

മുംബൈ: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ആകെ 752 കോടിയുടെ സ്ഥാവര സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡല്‍ഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപയുടെ സ്വത്തും 90.21 കോടി രൂപയുടെ ഓഹരികളുമാണ് ഇഡി കണ്ടുകെട്ടിയത്.

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടര്‍മാര്‍. ഖാര്‍ഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേര്‍ണലിന്റെ ഡയറക്ടര്‍മാരാണ്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഹോള്‍ഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. 2013ല്‍ ഡല്‍ഹി കോടതിയില്‍ ബിജെപിയുടെ സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നീക്കം.

വഞ്ചന, ഫണ്ട് ദുരുപയോഗം എന്നിവ ആരോപിച്ചായിരുന്നു സ്വാമി പരാതി ഉന്നയിച്ചത്. ഈ കേസില്‍ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും 2015 ഡിസംബറില്‍ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികള്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനെതിരായ ഇഡിയുടെ നീക്കത്തെ ബിജെപിയുടെ രാഷ്ട്രീയ പ്രതികാരം എന്ന് കോണ്‍ഗ്രസ് അപലപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നായപ്പോള്‍ ഇഡിയെ ഉപയോഗിച്ച് ബിജെപി പ്രതികാരം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.