ആംസ്റ്റര്‍ഡാം: അര്‍ജന്റീനയ്ക്കു പിന്നാലെ യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സിലും വലതു തരംഗം. നെതര്‍ലന്‍ഡ്‌സ് പൊതുതെരഞ്ഞെടുപ്പില്‍ വലതുപക്ഷ രാഷ്ട്രീയ നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്സിന്റെ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന് (പി.വി.വി) മിന്നുന്ന വിജയം. എതിരാളികളായ ഇടതുപക്ഷ മുന്നണിക്ക് കനത്ത തിരിച്ചടി നല്‍കി ബഹുദൂരം മുന്നിലാണ് പി.വി.വി.
മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗീര്‍ട്ട് വില്‍ഡേഴ്സിന്റെ പി.വി.വി പാര്‍ലമെന്റിലെ 150 സീറ്റുകളില്‍ 37 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 17 സീറ്റുകള്‍ മാത്രമായിരുന്നു പി.വി.വി നേടിയിരുന്നത്. ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡം അധികാരത്തിലെത്തുമെന്നാണ് സൂചന.
യൂറോപ്യന്‍ യൂണിയന്‍ മുന്‍ കമ്മീഷണര്‍ ഫ്രാന്‍സ് ടിമ്മെര്‍മാന്‍ നയിക്കുന്ന ഇടതുപക്ഷ സഖ്യത്തിന് 25 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 150 അംഗ ഡച്ച് പാര്‍ലമെന്റില്‍ 76 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡച്ച് പതിപ്പ് എന്നറിയപ്പെടുന്ന വില്‍ഡേഴ്‌സിന് ഭരണം നേടണമെങ്കില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ മുഖ്യധാരാ പാര്‍ട്ടികള്‍ അദ്ദേഹവുമായി സംഖ്യത്തിലേര്‍പ്പെടാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഇത് പ്രയാസകരമായിരിക്കുമെന്നും വിലയിരുത്തലുണ്ട്. സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹം പ്രധാനമന്ത്രിയാകും.
ഇസ്ലാമിക തീവ്രവാദത്തിനെതിരേ ശക്തമായ നിലപാടാണ് വില്‍ഡേഴ്സിനുള്ളത്.
നെതര്‍ലന്‍ഡ്‌സിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും വില്‍ഡേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വിഷയമായിരുന്നു കുടിയേറ്റം.
യൂറോപ്പിലെ പല രാജ്യങ്ങളിലും വലതു പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതിന്റെ തുടര്‍ച്ചയായാണ് നെതര്‍ലന്‍ഡ്‌സിലുമുള്ള മാറ്റം. യൂറോപ്പിലെ വലതു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തു.
ഗീര്‍ട്ട് വില്‍ഡേഴ്‌സ് സ്ഥാപിച്ച പാര്‍ട്ടി ഫോര്‍ ഫ്രീഡം, മികച്ച ജനപിന്തുണയാണ് നെതര്‍ലന്‍ഡ്‌സില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നേടിയെടുത്തിരിക്കുന്നത്. ഇസ്ലാം വിരുദ്ധ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഗീര്‍ട്ട് 2004 മുതല്‍ കനത്ത പോലീസ് വലയത്തിലാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഏത് തരത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാരാണ് അധികാരത്തില്‍ വരികയെന്നത് നെതര്‍ലന്‍ഡ്‌സിനെ സംബന്ധിച്ചു പ്രധാനമാണ്. വില്‍ഡേഴ്‌സിന്റെ ഭരണം നെതര്‍ലാന്‍ഡ്‌സിന്റെ ആഭ്യന്തര-വിദേശ നയങ്ങളില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
കുടിയേറ്റം, കാലവസ്ഥ വ്യതിയാനം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്നിവയാണ് ഇതില്‍ പ്രധാനം.
പ്രവാചക പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് ആദ്യം എത്തിയ വിദേശ നേതാവ് വില്‍ഡേഴ്സ് ആയിരുന്നു. 'പ്രീണനംകൊണ്ട് കാര്യമില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. നുപുര്‍ ശര്‍മയെ അഭിമാനത്തോടെ പിന്തുണയ്ക്കുകയും സ്വാതന്ത്യത്തിനായി നിലകൊള്ളുകയും ചെയ്യുകയെന്നാണ് അന്നു വില്‍ഡേഴ്സ് പറഞ്ഞത്.
ജര്‍മ്മന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു കത്തോലിക്കാ കുടുംബത്തില്‍ 1963-ലാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ് ജനിച്ചത്. വില്‍ഡേഴ്‌സിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോയിലെ പല പരാമര്‍ശങ്ങളെയും വിമര്‍ശിക്കുന്ന ഒരു കത്ത് നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്കാ ബിഷപ്പുമാര്‍ പ്രസിദ്ധീകരിച്ചിരുന്നു. 'കത്തില്‍ പൊതുനന്മയുടെ പ്രാധാന്യം, മനുഷ്യന്റെ അന്തസ്, ജീവിക്കാനുള്ള അവകാശം, കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രധാന്യം തുടങ്ങി നിരവധി വിഷയങ്ങള്‍ എടുത്തുകാണിക്കുന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ ധ്രുവീകരണത്തിലുള്ള ആശങ്കയും കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.