പ്രളയവും കോവിഡും: ഒന്നാം പിണറായി സര്‍ക്കാര്‍ സമാഹരിച്ച ദുരിതാശ്വാസ നിധി 5744.89 കോടി; ഏറിയ പങ്കും ചിലവഴിച്ചത് മറ്റ് പരിപാടികള്‍ക്കായി

പ്രളയവും കോവിഡും: ഒന്നാം പിണറായി സര്‍ക്കാര്‍ സമാഹരിച്ച ദുരിതാശ്വാസ നിധി 5744.89 കോടി; ഏറിയ പങ്കും ചിലവഴിച്ചത് മറ്റ് പരിപാടികള്‍ക്കായി

തിരുവനന്തപുരം: ചരിത്രത്തില്‍ ഏറ്റവും അധികം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ തുക വഴിമാറ്റി ചെലവാക്കിയതും ഇതേ കാലഘട്ടത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും സര്‍ക്കാര്‍ സമാഹരിച്ചത് 5744.89 കോടി രൂപയാണ്.

ക്യാമ്പെയ്‌നിലൂടെയും നിര്‍ബന്ധം ചെലുത്തിയും സാലറി ചാലഞ്ചിലൂടെയും മിക്ക ആളുകളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചിരുന്നു. ഇതിന് പുറമേ ആളുകളില്‍ നിന്ന് നേരിട്ടും സര്‍ക്കാര്‍ പണം വാങ്ങി. 2018, 2019 പ്രളയകാലത്ത് 3,096.33 കോടി രൂപ ജനങ്ങളില്‍ നിന്ന് നേരിട്ട് സമാഹരിച്ചതാണ്. സാലറി ചാലഞ്ച് വഴി 1229.89 കോടി രൂപയും ലഭിച്ചു. ഈ തുക സര്‍ക്കാര്‍ പൂര്‍ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ചെലവഴിച്ചത്.

സര്‍ക്കാര്‍ സ്വന്തമായി പണം മുടക്കേണ്ട സപ്ലൈകോയുടെ ഓണച്ചെലവും സഹകരണ വകുപ്പിന്റെ ഭവന പദ്ധതിയുമെല്ലാം ദുരിതാശ്വാസ നിധിയുടെ കണക്കിലാണ് കാണിച്ചത്. ഫിഷറീസ് വകുപ്പ് നടപ്പാക്കേണ്ട പുനര്‍ഗേഹം പുനരധിവാസ പദ്ധതി, ചെറുകിട വ്യവസായികള്‍ക്ക് വ്യവസായ വകുപ്പ് നല്‍കേണ്ട സഹായ പദ്ധതികള്‍, വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം പ്രിന്റിങ് ഉള്‍പ്പെടെ നടത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം മുടക്കിയാണ്.

പിണറായി സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏറ്റവുമധികം സഹായം നല്‍കിയതെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ പലവഴിക്ക് തുക മാറ്റി ചെലവാക്കിയ കണക്കുകള്‍ പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.