ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറുകളിലേക്ക്; സമയം നീട്ടാന്‍ മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത ശ്രമം

ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറുകളിലേക്ക്; സമയം നീട്ടാന്‍ മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത ശ്രമം

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ അവസാന മണിക്കൂറുകളിലേക്ക്. അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ തയ്യാറാക്കിയ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളെ ഹമാസും ഇസ്രയേലും കൈമാറിയിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴിനാരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ അവസാന 24 മണിക്കൂറിലേക്ക് എത്തുമ്പോള്‍ വെടിനിര്‍ത്തല്‍ സമയം കൂടുതല്‍ ദീര്‍ഘിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങള്‍. ഇതുവഴി കൂടുതല്‍ ബന്ദികളുടെ മോചനവും ഗാസയിലേക്ക് അധിക സഹായമെത്തിക്കുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. 'താല്‍കാലിക വെടിനിര്‍ത്തല്‍ തുടരണം. അത് കൂടുതല്‍ ബന്ദികളുടെ മോചനം സാധ്യമാക്കും. ഗാസയിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സഹായങ്ങള്‍ എത്തുന്നതിന് വഴിയൊരുക്കുകയും ചെയ്യും' - ഇതായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 13 പേരുടെ മൂന്ന് സംഘങ്ങളിലായി 39 ഇസ്രയേലികളെയാണ് ഹമാസ് ഇതുവരെ മോചിപ്പിച്ചത്. 17 തായ്ലന്റ് പൗരന്‍മാര്‍, ഒരു ഫിലിപൈന്‍ പൗരന്‍, ഇസ്രയേലി-റഷ്യന്‍ വംശജന്‍ എന്നിവരും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. 39 പേരടങ്ങന്ന മൂന്ന് ഗ്രൂപ്പുകളായി 117 പാലസ്തീനികളെ ഇസ്രയേലും മൂന്ന് ദിവസത്തിനിടെ ജയിലില്‍ നിന്ന് മോചിപ്പിച്ചു.

അതിനിടെ വെടിനിര്‍ത്തല്‍ നീട്ടാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. പ്രതിദിനം 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ശാശ്വത വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറല്ലെന്ന് സൂചനയും നെതന്യാഹു നല്‍കുന്നുണ്ട്. ഇന്നലെ ഗസയില്‍ നേരിട്ടെത്തി ഇസ്രയേല്‍ സൈനികരുമായി സംസാരിച്ച നെതന്യാഹു വിജയം വരെ പോരാട്ടം തുടരുമെന്നും ആരു വിചാരിച്ചാലും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.