കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനുള്ള തിരച്ചില്‍ സംസ്ഥാന വ്യാപകമായി തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു.
കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ് രേഖാചിത്രം. ഇയാള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്.
ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. 'ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെ'യെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു.
ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു.
പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലേക്ക് മാറ്റിയാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമത്തെയാളെ കണ്ടിട്ടില്ലെന്നും പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ പറഞ്ഞു.
കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസിനൊപ്പം നാട്ടുകാരും സ്ത്രീ, യുവജന സംഘടനകളും തിരച്ചില്‍ നടത്തുന്നുണ്ട്. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പരില്‍ അറിയിക്കണമെന്നാണ് പോലീസ് നിര്‍ദേശം. 9946923282, 9495578999 എന്ന മൊബൈല്‍ നമ്പറിലേക്കും വിളിക്കാം.
കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് ഇന്നലെ വൈകുന്നേരം നാലരയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജി ജോണിന്റെ മകളാണ് ആറ് വയസുകാരി അഭിഗേല്‍ സാറ.
വെള്ള നിറത്തിലുള്ള ഹോണ്ട അമേയ്‌സ് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴാണ് സംഭവം.
കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ജൊനാഥന്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.