മലേഷ്യന്‍ വിമാനം കാണാതായിട്ട് പത്ത് വര്‍ഷം: വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് യാത്രികരുടെ ബന്ധുക്കള്‍

മലേഷ്യന്‍ വിമാനം കാണാതായിട്ട് പത്ത് വര്‍ഷം: വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് യാത്രികരുടെ ബന്ധുക്കള്‍

ബീജിങ്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തീരത്തിന് സമീപത്തു നിന്ന് 2014 ല്‍ അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എം.എച്ച് 370 ന് എന്തു സംഭവിച്ചെന്നറിയാന്‍ പുതിയ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യാത്രികരുടെ ബന്ധുക്കള്‍ ചൈനീസ് കോടതിയില്‍.

239 യാത്രികരുമായി കാണാതായ എം.എച്ച് 370 ലെ ചൈനീസ് യാത്രികരുടെ ബന്ധുക്കളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നാല്‍പതിലേറെ കുടുംബങ്ങള്‍ നഷ്ട പരിഹാരത്തിനായി മലേഷ്യന്‍ എയര്‍ലൈന്‍സ്, ബോയിങ് വിമാന കമ്പനി, എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്സ്, അലയന്‍സ് ഇന്‍ഷ്വറന്‍സ് ഗ്രൂപ്പ് എന്നിവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് അവര്‍ തുറന്ന കത്തുമെഴുതി.

2014 മാര്‍ച്ച് എട്ടിന് മലേഷ്യയിലെ ക്വാലാലംപ്പൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പറന്നുയര്‍ന്ന വിമാനം 370 വിമാനവുമായി ഒരു മണിക്കൂറിനുശേഷം എല്ലാ ആശയ വിനിമയവും തടസപ്പെടുകയും കാണാതാവുകയുമായിരുന്നു. എം.എച്ച് 370 ന് വേണ്ടി വിവിധ ലോക രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

2016 ല്‍ മഡഗാസ്‌കറിന് കിഴക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങള്‍ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ അടിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലത് അപകടത്തില്‍പ്പെട്ട ഫ്‌ളൈറ്റിന്റേത് തന്നെയാകാമെന്നാണ് കരുതപ്പെടുന്നത്.

സംഭവിച്ചത് എന്തെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ എം.എച്ച് 370 നെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികളും പ്രചരിക്കുന്നുണ്ട്. എം.എച്ച് 370 നെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന വിചിത്ര വാദങ്ങള്‍ വരെ പ്രചാരത്തിലുണ്ട്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.