വത്തിക്കാൻ സിറ്റി: ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ദുബായിലേക്കുള്ള യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു.
ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്രകൾ ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ദുബായിലേക്കുള്ള യാത്ര ഒഴിവാക്കിയതെന്ന് വത്തിക്കാനിലെ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ഉച്ചകോടിയിൽ പങ്കെടുത്തതിനുശേഷം മൂന്നാം തീയതി ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിലും സംബന്ധിച്ച് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. മാർപ്പാപ്പ ലോക നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നും വത്തിക്കാൻ അറിയിച്ചിരുന്നു.
നാല് വർഷങ്ങൾക്കു മുമ്പ് 2019 ലായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ചരിത്രത്തിലിടം നേടിയ പ്രഥമ യുഎഇ സന്ദർശനം. ജോർദാനും ബഹ്റിനും ഉൾപ്പെടെ മറ്റ് ആറ് അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്. പത്രോസിന്റെ പിൻഗാമിയായി 2013 ൽ സ്ഥാനമേറ്റതിനു ശേഷം നിരവധി തവണ പരിസ്ഥിതി നാശത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള അദേഹം ആ വിഷയവുമായി ബന്ധപ്പെട്ട് 2015ൽ ‘ലൗദത്തെ സി ‘ എന്ന ചാക്രിക ലേഖനവും കഴിഞ്ഞ മാസം നടന്ന ‘സിനഡാലിറ്റി’യെക്കുറിച്ചുള്ള സിനഡിനിടയിൽ ‘ലൗദത്തെ ദേവും’എന്ന പേരിൽ അതിന്റെ തുടർച്ചയും പുറപ്പെടുവിച്ചിരുന്നു.
ദുബൈ എക്സ്പോ സിറ്റിയിലാണ് 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനം നടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.