ഗാസ സിറ്റി: നാല് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഹമാസിന്റെ ആവശ്യപ്രകാരം മാധ്യസ്ഥ ശ്രമത്തിലൂടെ കരാര്‍ രണ്ട് ദിവസം കൂടി നീട്ടിയെങ്കിലും ധാരണ ലംഘിച്ച ഹമാസ് അഞ്ചാം ദിനത്തില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തി.
വടക്കന്‍ ഗാസയിലെ പല സ്ഥലങ്ങളിലും ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹമാസ് ആക്രമണം അഴിച്ചു വിട്ടു. ഹമാസിന്റെ വെടിവെയ്പ്പില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം തുടരുമെന്നും സൈന്യം അറിയിച്ചു.
എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേല്‍ സൈന്യമാണ് ഏറ്റുമുട്ടല്‍ തുടങ്ങിവച്ചതെന്ന് ഹമാസ് ആരോപിച്ചു. സൈന്യത്തെ ആക്രമിച്ച ഹമാസിനെ തകര്‍ക്കണമെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗീര്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
ഖത്തറിന്റെ മാധ്യസ്ഥ്യത്തില്‍ ധാരണയിലെത്തിയ നാലുദിന വെടിനിര്‍ത്തല്‍ തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബുധനാഴ്ച വരെ ആക്രമണം നിര്‍ത്തിവയ്ക്കാമെന്ന് ഇസ്രയേല്‍ സമ്മതിച്ചിരുന്നു. ആദ്യ കരാര്‍ പ്രകാരം ഇസ്രയേലുകാരായ 50 ബന്ദികളെ ഹമാസും പലസ്തീന്‍കാരായ 150 തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
തിങ്കളാഴ്ച വൈകി നടന്ന നാലാം ഘട്ട കൈമാറ്റത്തില്‍ ഹമാസ് 11 ഇസ്രയേലുകാരെയും ഇസ്രയേല്‍ 33 പലസ്തീന്‍കാരെയുമാണ് വിട്ടയച്ചത്. ഇതിനിടെയാണ് കരാര്‍ ലംഘിച്ച് ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹമാസ് വെടിവെയ്പ്പ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.