വ്യാജ ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടു; ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുറത്താക്കി പരാഗ്വെ

വ്യാജ ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടു; ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പുറത്താക്കി പരാഗ്വെ

അസുന്‍സിയോണ്‍ (പരാഗ്വേ): പീഡനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ വ്യാജ ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യവുമായി ധാരണാപത്രം ഒപ്പിട്ട സംഭവത്തില്‍ സര്‍ക്കാരുദ്യോഗസ്ഥനെ പുറത്താക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേ. സംഭവം വിവാദമായതോടെയാണ് കൃഷിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് ഓഫ് സ്റ്റാഫ് അര്‍ണാള്‍ഡോ ചമോറോയെയാണ് പദവിയില്‍ നിന്ന് നീക്കിയത്.

ഇല്ലാത്ത കൈലാസ രാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ പേരില്‍ പരാഗ്വേയില്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പോലും ഈ ധാരണാപത്രം ഒപ്പുവയ്ക്കലിനെതിരെ രൂക്ഷ വിമര്‍ശനമാണ് പരാഗ്വേയിലെ ജനങ്ങള്‍ ഉന്നയിച്ചത്.

നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയിലെ ഉദ്യോഗസ്ഥന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ചമോറോ മാധ്യമങ്ങളോട് പറഞ്ഞു. അത് ഒരു തെക്കേ അമേരിക്കന്‍ ദ്വീപാണെന്നും പരാഗ്വയില്‍ വന്‍ നിക്ഷേപം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവെന്നും അവര്‍ ധരിപ്പിച്ചിരുന്നുവെന്നാണ് വാദം. വ്യാജ ഉദ്യോഗസ്ഥര്‍ പരാഗ്വയിലെ കൃഷിമന്ത്രി കാര്‍ലോസ് ഗിമെനസിനെയും ചെന്ന് കണ്ടതിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടു രജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ വിഭാവനം ചെയ്തിരുന്നതാണ് ചമോറോ ഒപ്പുവച്ച മെമ്മോറാണ്ടം. മന്ത്രാലയത്തിന്റെ ലെറ്റര്‍ഹെഡില്‍ ഒദ്യോഗിക മുദ്രയും പതിപ്പിച്ച സ്ഥിതിയിലാണ് രേഖ കണ്ടെടുത്തത്.ഇതില്‍ ചമോറോ നിത്യാനന്ദയെ പ്രശംസിക്കയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പിഴവ് പറ്റിയതായി കൃഷിമന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തു.

മുന്‍പും തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ മുതല്‍ ഐക്യരാഷ്ട്രസഭയെ വരെ നിത്യാനന്ദ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്. കൈലാസ എന്നത് ഒരു സാങ്കല്‍പ്പിക രാജ്യം മാത്രമാണെന്ന് വിദേശരാജ്യങ്ങളിലെ മിക്കവര്‍ക്കും അറിയില്ല എന്നുള്ളതാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് കാരണമാകുന്നത്. ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ട് ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോലും നിത്യാനന്ദക്കും സഹായികള്‍ക്കും കഴിഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.