മാസ വരുമാനം അഞ്ച് ലക്ഷം: യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പൊലീസ്

മാസ വരുമാനം അഞ്ച് ലക്ഷം: യൂട്യൂബ് വരുമാനം നിലച്ചതോടെ തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നു; അനുപമയെക്കുറിച്ച് പൊലീസ്

കൊല്ലം: തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളില്‍ ഇരുപതുകാരിയും ഉള്‍പ്പെടുന്നുവെന്ന വിവരം ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരത്തിലൊരു കൃത്യം നടത്താന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കൂട്ടു നിന്നത് യുട്യൂബില്‍ നിന്നുള്ള വരുമാനം നിലച്ചതിന് പിന്നാലെയാണെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍.

'അനുപമ പത്മന്‍' എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന വ്യക്തിയാണ് പദ്മകുമാറിന്റെ മകള്‍. 3.8 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ മുതല്‍ യൂട്യൂബ് പണം കൊടുക്കുന്നത് നിര്‍ത്തി. മൂന്ന് മാസത്തിന് ശേഷമാണ് വീണ്ടും പണം നല്‍കുന്നത് പുനരാരംഭിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞില്ല. എല്‍എല്‍ബി ചെയ്യണമെന്നായിരുന്നു അനുപയുടെ ആഗ്രഹം.

ഈ സമയത്താണ് യുട്യൂബ് ചാനല്‍ തുടങ്ങി സമ്പാദിക്കാന്‍ തുടങ്ങിയത്. വരുമാനം നിലച്ച ജൂലൈ മുതല്‍ പെണ്‍കുട്ടി വിഷാദത്തിലായതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അനുപമയും അച്ഛനും അമ്മയ്ക്കും ഒപ്പം തട്ടിക്കൊണ്ട് പോകലിന് കൂട്ടുനില്‍ക്കുകയായിരുന്നു. ആദ്യം അനുപമ ഇത്തരമൊരു കൃത്യത്തെ എതിര്‍ത്തിരുന്നു. വേറെ വഴിയില്ലാതെ വന്നതോടെ കൂട്ടുനില്‍ക്കുകയായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം ചെയ്തത് പദ്മകുമാറും അനിതാകുമാരിയുമാണെന്ന് എഡിജിപി വ്യക്തമാക്കി.

ആറ് വയസുകാരിയുടെ സഹോദരനാണ് കേസിലെ ഹീറോ എന്നും രണ്ടാമത്തെ ഹീറോ കുട്ടിയും മൂന്നാമത്തേത് കുട്ടി പറഞ്ഞ വിവരങ്ങള്‍ പ്രകാരം രേഖചിത്രം വരച്ച ദമ്പതികളുമാണെന്നും എഡിജി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയും അവര്‍ നല്‍കിയ വിവരങ്ങളും ഏറെ ഉപകരിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും സമ്മര്‍ദമാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതെന്നും പ്രതികള്‍ സമ്മതിച്ചതായും അദേഹം പറഞ്ഞു.

പത്ത് ലക്ഷം രൂപ അത്യാവശ്യമായി വന്നിരുന്നു. പലരോടും ചോദിച്ചിട്ടും കിട്ടാതായതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തിയത്. അഞ്ച് കോടിയോളം രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് പദ്മകുമാര്‍. എന്നാല്‍ പല വഴിയിലാണ് ഇതുള്ളത്. ഇയാളും ഭാര്യയും ചേര്‍ന്ന് വരുത്തിവച്ച കടം തീര്‍ക്കാനാണ് അടിയന്തരമായി പത്ത് ലക്ഷം രൂപ വേണ്ടി വന്നത്. ഇത് കണ്ടെത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.