സ്ഥിരോത്സാഹിയുടെ വിജയവും അലസൻ്റെ പതനവും

സ്ഥിരോത്സാഹിയുടെ വിജയവും അലസൻ്റെ പതനവും

"പരിശ്രമിച്ചീടുകിൽ എന്തിനേയും വശത്താക്കാം" എന്നു നമ്മൾ കേട്ടിട്ടുണ്ടല്ലോ. ഒരു വ്യക്തിയുടെ ജീവിതവിജയത്തിൻ്റെ അടിസ്ഥാനം കഠിനാദ്ധ്വാനവും പരിശീലനവുമാണ്. അതിനു കുറുക്കുവഴികളും ഒറ്റമൂലിയുമില്ല. വളഞ്ഞ വഴികൾ മടിയൻ്റെ മാർഗ്ഗമാണ്. അലസൻ്റെ മനസ്സ് പിശാചിൻ്റെ പണിപ്പുരയാണ്.

സ്ഥിരോത്സാഹിയുടെ പാത മുള്ളുകളും കല്ലുകളും നിറഞ്ഞതും അലസൻ്റേതു സൗഭാഗ്യങ്ങളുടെ പരവതാനിയുമാവാം. എന്നാൽ ആത്യന്തിക വിജയം കഠിനാദ്ധ്വാനം ചെയ്യുന്നവനൊപ്പമാവും. അലസൻ്റെ നേട്ടങ്ങൾ ആപേക്ഷികവും ക്ഷണികവുമാണ്. സ്ഥിരോത്സാഹിയുടെ പ്രയത്നഫലം ആത്മസംതൃപ്തിയും ആദരവും സമ്മാനിക്കുമ്പോൾ, അലസനു ലഭിക്കുന്നതു പരാജയവും പിരിമുറുക്കവുമാണ്.

അദ്ധ്വാനത്തിൻ്റെ ഫലം ഒരു രാത്രികൊണ്ടു ലഭിക്കണമെന്നില്ല; അതിനു സമയവും കാലവുമെടുക്കും. എന്നാൽ കൈവരിക്കുന്ന നേട്ടങ്ങൾക്കു സ്ഥിരതയും വളർച്ചയുമുണ്ടാകും. കുറുക്കുവഴികൾ നന്മയുടെ മാർഗ്ഗങ്ങളല്ല; മറിച്ച് കാപട്യത്തിൻ്റേയും വഞ്ചനയുടേയും പാതയാണു തുറക്കുന്നത്. അലസൻ എളുപ്പവഴിയിലൂടെ നൈമിഷികവിജയങ്ങൾ സ്വായത്തമാക്കുമ്പോൾ, ഉത്സാഹി ഇടുങ്ങിയ പാതയിലൂടെ അനശ്വരവിജയം കരസ്ഥമാക്കുന്നു. ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങളാണ് വിജയത്തിൻ്റെ മാധുര്യം ഇരട്ടിയാക്കുന്നത്.

ജീവിതവിജയത്തിനു മാന്ത്രികസൂക്തങ്ങളില്ല. അതു കഠിനാദ്ധ്വാനത്തിലൂടെയും തീവ്രപരിശീലനത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന അമൂല്യനിധിയാണ്. അലസന് അപ്രാപ്യമായ അനുഗ്രഹമാണത്. പാടത്തു വിളവെടുപ്പു കാത്തു കഴിയുന്ന സ്വർണ്ണക്കതിർ എത്ര മനോഹര ദൃശ്യമാണ്. എന്നാൽ അതിൻ്റെ പിന്നിൽ ഒരു കഠിനാദ്ധ്വാനത്തിൻ്റെ കഥയുണ്ട്. ഓരോ നെന്മണിയും കൊയ്തെടുക്കുമ്പോൾ രാപകലില്ലാതെ ചോര നീരാക്കി അദ്ധ്വാനിച്ച കർഷകൻ്റെ വിയർപ്പിൻ്റെ വിലയാണതെന്നോർക്കണം. അദ്ധ്വാനത്തിൻ്റെ ഫലം അമൂല്യമാണ്.

സ്ഥിരോത്സാഹി പ്രതിസന്ധികളെ അവസരമാക്കി മാറ്റുമ്പോൾ, അലസൻ അതിൽ ഒഴിവുകഴിവുകൾ കണ്ടെത്തുന്നു. നമുക്കറിയാവുന്നതുപോലെ കുരുന്നുകൾ നടക്കാൻ സജ്ജരാവുന്നതു അനവധി വീഴ്ചകൾക്കു ശേഷമാണ്. വീണു, കരഞ്ഞു,വീണ്ടും വീണ് എഴുന്നേറ്റു പരിശ്രമം തുടരുമ്പോൾ അറിയാതെ ഒരു ദിവസം അവൻ നടന്നു തുടങ്ങുന്നു. എത്ര ഹൃദയസ്പർശിയായ രംഗമാണത്. പരാജയങ്ങൾ നൽകുന്ന പാഠം ഉൾക്കൊള്ളുന്നവർക്കു മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളൂ. വീഴ്ചകളെ അതിജീവിക്കാൻ കഴിയുന്ന ശൈലികളും മാർഗ്ഗങ്ങളും നാം അവലംബിക്കണം.

കഠിനാദ്ധ്വാനത്തിനും പരിശ്രമത്തിനും പകരംവയ്ക്കാൻ ഈ ലോകത്തിൽ മറ്റൊന്നില്ല. അലസതയുടെ നീർക്കുമിളകളെ പൊട്ടിച്ച് ഉത്സാഹത്തിൻ്റെ ചിറകിലേറി നമുക്കു പറക്കാം, കീഴടങ്ങാൻ തയ്യാറല്ലാത്ത യോദ്ധാവിനെപ്പോലെ. തീയിൽ കുരുത്തവരായി നമുക്കു മാറാം. വെയിലത്തു വാടാതെ നാളെയുടെ അനശ്വര സമ്മാനത്തിനായി പരിശ്രമിക്കാം.

✍️ റ്റോജോമോൻ ജോസഫ് 
        മരിയാപുരം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.