'ഡി.കെ ടച്ചില്‍' രേവന്തിന്റെ പടയോട്ടം: പരാജയങ്ങള്‍ക്കിടയിലും തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയം

'ഡി.കെ ടച്ചില്‍' രേവന്തിന്റെ പടയോട്ടം: പരാജയങ്ങള്‍ക്കിടയിലും തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയം

ഹൈദരാബാദ്: മൂന്നാം തവണയും മുഖ്യമന്ത്രിയെന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മോഹങ്ങള്‍ പൊലിഞ്ഞത് കോണ്‍ഗ്രസിനെ ശക്തമായി നയിച്ച അനുമൂല രേവന്ത് റെഡ്ഡി എന്ന അമ്പത്തിനാലുകാരന് മുന്നില്‍.

രാഹുല്‍ ഗാന്ധിയും കര്‍ണാടകയിലെ വിജയ ശില്‍പിയുമായ ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം രാപ്പകലില്ലാതെ അദേഹം നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് മറ്റ് സംസ്ഥാനങ്ങളിലെ പരാജയങ്ങള്‍ക്കിടയിലും തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ടിപിസിസി അധ്യക്ഷനായിരുന്ന ഉത്തംകുമാര്‍ റെഡ്ഢി രാജിവെച്ചതിനെ തുടര്‍ന്ന് 2021 ലാണ് പാര്‍ട്ടി അധ്യക്ഷനായി താരതമ്യേന ചെറുപ്പക്കാരനായ രേവന്ത് റെഡ്ഡി എത്തുന്നത്. അന്നു മുതല്‍ കെസിആറിനോട് നേര്‍ക്കുനേര്‍ പോരാടിയാണ് തെലങ്കാനയിലെ ജനങ്ങളെ അദേഹം പാര്‍ട്ടിക്കൊപ്പം കൂട്ടിയത്.

ഭരണ കക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആര്‍.എസ്) മുഖ്യ എതിരാളിയായി ബിജെപി മാറുമെന്ന നിലവരെ എത്തിയ ഘട്ടത്തിലാണ് രേവന്ത് റെഡ്ഡി പാര്‍ട്ടിയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. പിന്നീട് ജനമൊന്നാകെ അദേഹത്തെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്. മുഖ്യമന്ത്രി പദവിയിലേക്കും കോണ്‍ഗ്രസിന് മുന്നില്‍ രേവന്തല്ലാതെ മറ്റാരുമില്ല.

1980 കളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് എബിവിപിയിലൂടെയാണ് രേവന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിന്നീട് കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയില്‍ ചേര്‍ന്ന രേവന്ത് 2003 ഓടെ രാഷ്ട്രീയത്തില്‍ സജീവമായി. തിരഞ്ഞെടുപ്പില്‍ അവസരം നല്‍കാത്തതില്‍ പിണങ്ങി 2005 ല്‍ പാര്‍ട്ടി വിട്ട രേവന്ത് 2006 ലും 2008 ലും സ്വന്ത്രനായി മത്സരിച്ച് ജില്ലാ പരിഷത്തിലും ലെജിസ്ലെറ്റിവ് കൗണ്‍സിലിലും വിജയിച്ചു.

2008 ല്‍ ടിഡിപിയുടെ ഭാഗമായി മാറിയ അദേഹം രണ്ട് തവണ കൊടങ്കല്‍ മണ്ഡലത്തിന്റെ എംഎല്‍എയായി. 2009 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി പുലര്‍ച്ചെ രാവിലെ രണ്ടിനാണ് രേവന്തിനൊരു ഫോണ്‍ കോള്‍ വരുന്നത്. 'കൊടങ്കല്‍' മണ്ഡലത്തില്‍ മത്സരിക്കണമെന്ന ടിഡിപി നേതാവിന്റെ നിര്‍ദേശമായിരുന്നു അത്. മണ്ഡലത്തെ പറ്റിയോ അവിടുത്തെ ആളുകളെ കുറിച്ചോ യാതൊരു ധാരണയുമില്ല. പക്ഷേ തനിക്ക് കിട്ടിയ അവസരത്തെ രേവന്ത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു.

കൂട്ടുകാരനെ വിളിച്ച് വഴി ചോദിച്ച ശേഷമാണ് കോണ്‍ഗ്രസിന്റെ അന്നത്തെ സിറ്റിങ് സീറ്റായിരുന്ന കൊടങ്കലിലേക്ക് രേവന്ത് ആദ്യമായി പോകുന്നത്. മണ്ഡലത്തെ അറിയാത്തതോ വോട്ടര്‍മാരെ പരിചയമില്ലാത്തതോ ഒന്നും രേവന്തിനെ ആശങ്കപ്പെടുത്താനുള്ള കാരണങ്ങളായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 7,500 വോട്ടിന് രേവന്ത് ജയിച്ചു. ഒരു വട്ടം കൂടി അദേഹം കൊടങ്കലില്‍ നിന്ന് നിയമസഭയിലെത്തി.

ഒടുവില്‍ 2017 ലാണ് ടിഡിപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ഇതിനിടെ 2015 ല്‍ പണം കൊടുത്ത് വോട്ട് വാങ്ങിയെന്ന കേസില്‍ രേവന്ത് അറസ്റ്റിലാകുകയും വലിയ രാഷ്ട്രീയ കോലാഹലങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിലെത്തിയ രേവന്ത് 2018 ല്‍ കൊടങ്കലില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍ക്കാജ്ഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് എംപിയായി. 2021 ല്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രേവന്ത് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയാണ് രേവന്തിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്.

രാജിവച്ച പിസിസി പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഢി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ രേവന്തിനുണ്ടായിരുന്നു. എന്തായാലും ഹൈക്കമാന്‍ഡിന്റെ തീരുമാനം തെറ്റിയില്ല. ആന്ധ്രാ വിഭജനത്തോടെ ഇല്ലാതായിപ്പോയ കോണ്‍ഗ്രസിന് വലിയ തിരിച്ചുവരവാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ സാധ്യമായിരിക്കുന്നത്.

തെലങ്കാനയിലെ വിജയത്തില്‍ കോണ്‍ഗ്രസിന് വിസ്മരിക്കാനാവാത്ത മറ്റൊരു വ്യക്തിയാണ് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍. എതിരാളികളെ നിഷ്പ്രഭമാക്കുന്ന തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനാണ് ഡി.കെ. കര്‍ണാടകയില്‍ അദേഹം അത് തെളിയിച്ചതാണ്.

മുഖ്യമന്ത്രി സിദ്ധരമായ്യ ആണെങ്കിലും വിജയത്തിലേക്കുള്ള വഴി തെളിച്ചത് പിസിസി പ്രസിഡന്റുകൂടിയായ ഡി.കെ ശിവകുമാറായിരുന്നു. അതുകൊണ്ട് തന്നെയാണ് അദേഹത്തെ തെലങ്കാനയുടെ തിരഞ്ഞെടുപ്പ് ചുമതല ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.