രാജ്യത്തെ ആദ്യ വീല്‍ചെയര്‍ സൗഹൃദ വിശ്രമ കേന്ദ്രം ബംഗളൂരുവില്‍

രാജ്യത്തെ ആദ്യ വീല്‍ചെയര്‍ സൗഹൃദ വിശ്രമ കേന്ദ്രം ബംഗളൂരുവില്‍

ബംഗളൂരു: രാജ്യത്തെ ആദ്യ വീല്‍ ചെയര്‍ സൗഹൃദ കാത്തിരിപ്പു കേന്ദ്രം ബംഗളൂരുവില്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബംഗളൂരു സൗത്ത് എംപിയുടെ ഓഫീസിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയുടെ സഹകരണത്തോടെ തയ്യാറാക്കിയ വിശ്രമ കേന്ദ്രം ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. തേജസ്വി സൂര്യയുടെ മണ്ഡല വികസന ഫണ്ടും സൊമാറ്റോയുടെ സഹായവും ചേര്‍ത്താണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്. ചാര്‍ജിങ് പോയന്റ്, സുഖപ്രദമായ ഇരിപ്പിട സൗകര്യം, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് രാജ്യത്തുടനീളം 200-ലധികം വീല്‍ചെയര്‍ ഡെലിവറി പങ്കാളികളുണ്ട്. അവരില്‍ 100 പേരും ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിശ്രമ കേന്ദ്രം ബംഗളൂരുവിലെ ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് വലിയ സഹായമാകുമെന്ന് ഉദ്ഘാടന വേളയില്‍ തേജസ്വി സൂര്യ പറഞ്ഞു. ബംഗളൂരുവിലെ തിരക്കും മഴയും കാലാവസ്ഥയും അവഗണിച്ച് നിമിഷങ്ങള്‍ക്കകം ഓര്‍ഡറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന ഭക്ഷണ വിതരണ തൊഴിലാളികളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇലക്ട്രിക് വീല്‍ ചെയറില്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ പ്രചോദനമാണ്. അവര്‍ക്കായി സൗകര്യം ഒരുക്കിയത് സവിശേഷമാണെന്നും തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു.

15 വര്‍ഷം മുമ്പ് താന്‍ അപകടത്തില്‍ പെട്ടെന്നും വീല്‍ ചെയര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും വീല്‍ചെയര്‍ ഭക്ഷണ വിതരണ തൊഴിലാളിയായ ധര്‍മേഷ് ചടങ്ങില്‍ പറഞ്ഞു. സൊമാറ്റോ തനിക്കൊരു ജോലി തന്നു. താന്‍ ദിവസേന 20 ഡെലിവറിയോളം ചെയ്യുന്നു. ഹോട്ടല്‍, ടോയ്ലറ്റ് എന്നിവയ്ക്ക് സമീപം വാഹനം നിര്‍ത്തുമ്പോഴും ഒഴിവ് സമയങ്ങളില്‍ വിശ്രമിക്കുമ്പോഴും തങ്ങള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തോടെ തന്നെപ്പോലെയുള്ള നിരവധി ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് ഫോണുകളും ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും ധര്‍മേഷ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.