ലണ്ടന്‍: രാജ്യത്തേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കടുപ്പിച്ച് ബ്രിട്ടണ്‍. രാജ്യത്ത് ജോലിയുടെ ഭാഗമായും പഠനത്തിന്റെ ഭാഗമായും കുടിയേറുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടോറി പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ നിയമങ്ങള്‍ അവതരിപ്പിച്ചത്.
കുറഞ്ഞ ശമ്പളമുള്‍പ്പെടെയുള്ള പുതിയ മാറ്റങ്ങള്‍ മൂന്ന് ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് കരുതുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ കുടിയേറുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ ഏറ്റവും വലിയ നിയന്ത്രണമാണ് തങ്ങള്‍ വരുത്തിയതെന്ന് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കുടിയേറ്റത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2022 ല്‍ മാത്രം 7,45,000 പേരാണ് യുകെയിലേയ്ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വര്‍ഷത്തിന് മുമ്പ് തന്നെ സര്‍ക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഒരു വര്‍ഷം കൊണ്ട് കുടിയേറ്റത്തില്‍ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
വിസ നിയമങ്ങളില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
1. ജോലിക്കോ പഠിക്കാനോ യുകെയില്‍ വരുന്നവരുടെ കൂടെ ഡിപെന്‍ഡന്റ്‌സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
2. ശമ്പള പരിധി നിശ്ചയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു. ആ പരിധിക്കു മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ യുകെയിലേക്ക് ജോലിക്ക് വരാന്‍ സാധിക്കുകയുള്ളു.
പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്ന യുകെ പൗരന്‍മാര്‍ക്കും ശമ്പള പരിധി നിശ്ചയിക്കും. മറ്റുരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ശമ്പള പരിധി 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടാക്കി വര്‍ധിപ്പിച്ചു.
3. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഹെല്‍ത്ത് കെയര്‍ വിസയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മറ്റു രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി മുതല്‍ ഡിപെന്‍ഡന്റ്‌സായി ആളുകളെ കൊണ്ടുവരാന്‍ സാധിക്കില്ല. ആരോഗ്യ മേഖലയില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അംഗീകരിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ കമ്പനികളില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.
4. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്പള പരിധിയില്‍ 20 ശതമാനം ഇളവു നല്‍കുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.
5. വിദ്യാര്‍ഥികളുടെ ഡിപെന്‍ഡന്റ്‌സ് ആയി കുടുംബാംഗങ്ങള്‍ വരുന്നതിനും യുകെ നിയന്ത്രണമേര്‍പ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു. 2023 സെപ്റ്റംബര്‍ മാസം വരെ 1,53,000 വിസകള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതായാണ് കണക്ക്.
യുകെയില്‍ ജോലി ചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവര്‍ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് പുതിയ നിയമങ്ങളിലൂടെ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ നിയമ മാറ്റത്തിലൂടെ ഇത്രയും കാലം ഭരിച്ച കണ്‍സര്‍വേറ്റിവ് സര്‍ക്കാര്‍ പരാജയം അംഗീകരിക്കുകയാണെന്ന വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.