താലിബാന്‍ സര്‍ക്കാരിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന; നയതന്ത്ര പദവി നല്‍കുന്ന ആദ്യ രാജ്യം

താലിബാന്‍ സര്‍ക്കാരിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന; നയതന്ത്ര പദവി നല്‍കുന്ന ആദ്യ രാജ്യം

ബീജിങ്: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി ചൈന. ബീജിങ്ങിലെ അഫ്ഗാനിസ്ഥാന്റെ അംബാസിഡറായി താലിബാന്‍ നാമനിര്‍ദേശം ചെയ്ത പ്രതിനിധിക്ക് നയതന്ത്ര പദവി നല്‍കിയാണ് ചൈന താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചത്. താലിബാന്‍ പ്രതിനിധിക്ക് നയതന്ത്ര പദവി നല്‍കുന്ന ആദ്യ രാജ്യം കൂടിയാണ് ചൈന. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ താലിബാന്‍ സര്‍ക്കാരിനെ മറ്റൊരു രാജ്യവും ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

താലിബാന്‍ നാമനിര്‍ദേശം ചെയ്ത ബിലാല്‍ കരിമിക്ക് ചൈന അംബാസിഡര്‍ പദവി നല്‍കിയെന്നും അദ്ദേഹം യോഗ്യതാപത്രങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അയല്‍ രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

2021-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയ ശേഷം രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്ത ശേഷം ചൈനയും പാകിസ്ഥാനും റഷ്യയും കാബൂളില്‍ എംബസി നിലനിര്‍ത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തിയതിലും സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം സംബന്ധിച്ചും വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്ന് താലിബാന്‍ ഭരണകൂടവുമായി ചൈന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല.

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ് എന്ന തീവ്രസ്വഭാവമുള്ള സംഘടനയെ അടിച്ചമര്‍ത്താന്‍ താലിബാന്‍ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

പാകിസ്ഥാന്‍ ഒരിക്കല്‍ വളര്‍ത്തിയ താലിബാനുമായി ഭിന്നത രൂക്ഷമായ സമയത്താണ് ചൈനയുടെ നയതന്ത്ര അംഗീകാരം എന്നത് ശ്രദ്ധേയമാണ്.

തങ്ങളുടെ രാജ്യത്ത് ആവര്‍ത്തിച്ച് നടത്തുന്ന ഭീകരാക്രമണങ്ങളില്‍ താലിബാന്‍ സര്‍ക്കാരിനെ പാകിസ്ഥാന്‍ നിലവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളെയും പാകിസ്ഥാനി താലിബാനേയും ശക്തമായി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നില്ലെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയെന്നോണം പതിറ്റാണ്ടുകളായി പാകിസ്ഥാനില്‍ താമസിക്കുന്ന ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ഥികളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കാന്‍ ഇസ്ലാമാബാദ് ഉത്തരവിടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.