നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നൂറ് വെബ് സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണിത്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ് വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചത്.

സ്ത്രീകള്‍, തൊഴില്‍ ഇല്ലാത്ത യുവാക്കള്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്.

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്‌സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്.

തുടര്‍ന്ന് പണം ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022 ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്. ഇതിനു മുമ്പ് 250 ഓളം ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.