തിരുസഭയുടെ തൊണ്ണൂറ്റിനാലാമത്തെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടം ഏ.ഡി. 768 മുതല്‍ ഏ.ഡി. 772 വരെ നാലുവര്‍ഷത്തോളം മാത്രം നീണ്ടുനിന്ന ഒന്നായിരുന്നു. കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടതും അസുഖകരവുമായ ഒരു ഭരണകാലഘട്ടമായിരുന്നു സ്റ്റീഫന്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടേത്. മേഘാവൃതമായ കാലഘട്ടത്തില്‍ ആരംഭിച്ച സ്റ്റീഫന്‍ പാപ്പായുടെ ശുശ്രൂഷ പര്യവസാനിച്ചത് ദുരന്തത്തിലായിരുന്നു.
ഗ്രീക്ക് വംശജരായ മാതാപിതാക്കളുടെ മകനായി ഏ.ഡി. 723-ല്‍ ഇറ്റലിയുടെ തെക്കുഭാഗത്തുള്ള സിസിലി ദ്വീപില്‍ ജനിച്ച സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പാ റോമിലുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്ന് സന്യാസജീവിതം ആരംഭിച്ചു. പിന്നീട് സഖറിയാസ് പാപ്പാ അദ്ദേഹത്തെ ലാറ്ററന്‍ അരമനയില്‍ നിയമിക്കുകയാണ് ചെയ്തത്.തന്റെ മുന്‍ഗാമിയായ പോള്‍ ഒന്നാമന്‍ പാപ്പായുടെ കര്‍ക്കശമായ ഭരണനിര്‍വ്വഹണ ശൈലി, റോമിലെ അത്മായ പ്രഭുവംശത്തെ സഭാനേതൃത്വത്തില്‍ നിന്നും അകറ്റുകയും പോള്‍ ഒന്നാമന്‍ പാപ്പായെ കൊലപ്പെടുത്തുവാന്‍ വരെയുള്ള ചിന്തകള്‍ ഉടലെടുക്കാൻ കാരണമാകുകയും ചെയ്തു. എന്നാല്‍ അത്തരം നീക്കങ്ങളിലേക്കു കടക്കാതെ അത്മായ പ്രഭുവംശജര്‍ തങ്ങളുടെ നിലപാടുകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു മാര്‍പ്പാപ്പയെ പോള്‍ ഒന്നാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയോടെ വര്‍ത്തിച്ചു.
എന്നാല്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ മരണശേഷം പ്രഭുക്കന്മാരിലൊരാള്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കാനോനിക നടപടിക്രമങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്ന ശപഥം ലംഘിക്കുകയും ഒരു കൂട്ടം സൈനികരുടെ സഹായത്തോടെ ഒരു സാധാരണ അത്മായനും തന്റെ സഹോദരനുമായ കോണ്‍സ്റ്റന്റൈനെ പുതിയ മാര്‍പ്പാപ്പയായി പ്രഖ്യാപിക്കുകയും ചെയ്തു. ലാറ്ററന്‍ ബസിലിക്കയില്‍വെച്ച് കോണ്‍സ്റ്റന്റൈന്‍ സബ് ഡീക്കനായും ഡീക്കനായും അവരോധിക്കപ്പെടുകയും ഏ.ഡി. 767 ജൂലൈ 5-ന് വി. പത്രോസിന്റെ ബസിലിക്കയില്‍വെച്ച് മൂന്നു മെത്രാന്മാരുടെ കൈവെയ്പ്പുവഴി മാര്‍പ്പാപ്പയായി അഭിഷിക്തനാവുകയും ചെയ്തു. തന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ പെപ്പിന്‍ മൂന്നാമന്‍ രാജാവിന് എഴുതിയെങ്കിലും മറുപടി ലഭിച്ചില്ല.
ഇതിനിടയില്‍ റോമിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ ചടുലനീക്കങ്ങളും ഗൂഢാലോചനകളും കോണ്‍സ്റ്റന്റൈന്റെ മാര്‍പ്പാപ്പയായുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ സഖ്യങ്ങളെ അട്ടിമറിക്കുകയും ശിഥിലമാക്കുകയും ചെയ്തു. ലൊംബാര്‍ഡുകളുമായുള്ള ഏറ്റുമുട്ടലില്‍ കോണ്‍സ്റ്റന്റൈന്റെ പ്രധാന സഹായിയായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ലാറ്ററന്‍ കൊട്ടാരത്തിലെ ഓറട്ടറിയില്‍ അഭയം തേടിയ കോണ്‍സ്റ്റന്റൈന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത ലൊംബാര്‍ഡുകള്‍ ഒരു പ്രാദേശിക സന്യാശ്രാമത്തിന്റെ ചാപ്ലൈനായിരുന്ന ഫിലിപ്പ് എന്ന വൈദികനെ സ്വയം മാര്‍പ്പാപ്പയായി അവരോധിച്ചു. എന്നാല്‍ താമസിയാതെതന്നെ ഫിലിപ്പിന്റെ പാപ്പാസ്ഥാനത്തെ സഭാനേതൃത്വവും വിശ്വാസി-സമൂഹവും നിരാകരിക്കുകയും ലാറ്ററന്‍ കൊട്ടാരത്തില്‍നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഇതേത്തുടർന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രധാന നോട്ടറിയായിരുന്ന ക്രിസ്റ്റഫറിന്റെ നേതൃത്വത്തില്‍ ഏ.ഡി. 768 ആഗസ്റ്റ് 1-ാം തീയതി കാനോനിക നടപടിക്രമങ്ങളിലൂടെ സ്റ്റീഫനെ, കോണ്‍സ്റ്റന്റൈന് പകരമായി തിരുസഭയുടെ നിയമാനുസൃതമായ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തു. അതിനെ തുടർന്ന് ആഗസ്റ്റ് 7-ന് അദ്ദേഹം റോമിന്റെ മെത്രാനായും അഭിഷിക്തനായി. (സഭയുടെ ക്രമമനുസരിച്ച് പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി തന്നെയാണ് റോമിന്റെ മെത്രാൻ ആകുന്നതും)
പ്രഭുക്കന്മാരിലൊരാള്‍ തിരഞ്ഞെടുത്ത എതിര്‍ മാര്‍പ്പാപ്പയായിരുന്ന കോണ്‍സ്റ്റന്റൈനെ ലാറ്ററന്‍ കൊട്ടാരത്തിലെ ഓറട്ടറിയില്‍നിന്നും തെരുവിലൂടെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ഒരു സിനഡില്‍വെച്ച് അദ്ദേഹത്തിന്റെ അധികാരചിഹ്നങ്ങള്‍ നീക്കം ചെയ്തുകൊണ്ട് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ഒരു സന്യാസാശ്രമത്തില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ആ സന്യാസാശ്രമത്തിലായിരിക്കെ കോണ്‍സ്റ്റന്റൈനെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. തുടര്‍ന്നുവന്ന സിനഡില്‍വെച്ച് (ഏ.ഡി. 769) കോണ്‍സ്റ്റന്റൈന്റെ തിരഞ്ഞെടുപ്പും ഹ്രസ്വമായ ഭരണകാലത്തെയും സംബന്ധിച്ച നടപടിക്രമങ്ങള്‍ കത്തിച്ചുകളയുകയും അദ്ദേഹം പരികര്‍മ്മം ചെയ്ത പട്ടങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രസ്തുത സിനഡ് കോണ്‍സ്റ്റന്റൈനെ ഒരു സന്യാസാശ്രമത്തില്‍ ആജീവനാന്ത തടവിന് വിധിച്ചു. ഇനിമേലാല്‍ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുവാന്‍ അര്‍ഹതയുള്ളവര്‍ ഡീക്കന്മാരും കാര്‍ഡിനല്‍ - പുരോഹിതന്മാര്‍ എന്നറിയപ്പെടുന്ന റോമിലെ പ്രധാന ദേവാലയങ്ങളുടെ ചുമതലയുള്ള റോമന്‍ പുരോഹിതരും മാത്രമായിരിക്കുമെന്നും അത്മായര്‍ക്ക് അത്തരം തിരഞ്ഞെടുപ്പുകളില്‍ യാതൊരു തിരഞ്ഞെടുപ്പവകാശവും ഉണ്ടാകില്ലായെന്നും പ്രസ്തുത സിനഡ് തീര്‍പ്പു കല്പ്പിച്ചു.
തന്റെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പേപ്പല്‍ സിംഹാസനത്തിലേക്കുള്ള തന്റെ ആരോഹണത്തെക്കുറിച്ചുള്ള വിവരം അറിയിക്കുവാനും കോണ്‍സ്റ്റന്റൈന്റെ തിരഞ്ഞെടുപ്പ് മൂലം സഭയില്‍ സംജാതമായ കാനോനിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വിളിച്ചു ചേർത്ത സിനഡില്‍ പങ്കെടുക്കുവാന്‍ ഫ്രാങ്കിഷ് മെത്രാന്മാരെ ക്ഷണിക്കുവാനുമായി സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പാ തന്റെ ദൂതന്മാരെ ഫ്രാങ്കിഷ് രാജാവായ പെപ്പിന്‍ മൂന്നാമന്റെ പക്കലേക്കയച്ചു. പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് പതിമൂന്ന് മെത്രാന്മാര്‍ സിനഡില്‍ സംബന്ധിച്ചു.
സ്റ്റീഫന്‍ പാപ്പായുടെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച ക്രിസ്റ്റഫറിന്റെ ആധിപത്യത്തിന്‍ കീഴിലായിരുന്നു തുടക്കം മുതലെ പാപ്പായുടെ ഭരണകാലം. അതിനാല്‍തന്നെ വ്യതിചലനങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും ഗൂഢാലോചനകളുടെയും പല തെറ്റായ തീരുമാനങ്ങളുടെയും ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഒടുവില്‍ ക്രിസ്റ്റഫറിന്റെ സ്വാധീനത്തില്‍നിന്നും മോചനം നേടുവാനുള്ള ശ്രമങ്ങളുടെ ഫലമായി ലൊംബാര്‍ഡ് രാജാവായ ഡെസിദാരിയൂസുമായി വിനാശകരമായ സഖ്യത്തില്‍ മാർപാപ്പ ഏര്‍പ്പെട്ടു. ഡെസിദാരിയൂസ് ക്രിസ്റ്റഫറിനെയും അദ്ദേഹത്തിന്റെ മകന്‍ സെര്‍ജിയൂസിനെയും കൊലപ്പെടുത്തി. എന്നാല്‍ അവരുടെ മരണത്തിലേക്ക് നയിച്ച സഹാചര്യങ്ങളെക്കുറിച്ച് കൃത്യമല്ലാത്ത വിവരങ്ങളാണ് പുതിയ ഫ്രാങ്കിഷ് രാജാവായ ചാള്‍സിനെ മാർപ്പാപ്പ അറിയിച്ചത്. മാര്‍പ്പാപ്പയായ തന്നെ വധിക്കുവാന്‍ ക്രിസ്റ്റഫറും അദ്ദേഹത്തിന്റെ മകനായ സെര്‍ജിയൂസും ഗൂഢാലോചന നടത്തിയെന്നും അവരെ വധിച്ചതുവഴി ഡെസിദാരിയൂസ് തന്റെ ജീവന്‍ രക്ഷിക്കുയാണ് ചെയ്തതെന്നും ചാള്‍സിനെ സ്റ്റീഫന്‍ ധരിപ്പിച്ചു.
എന്നാല്‍ ഡെസിദാരിയൂസ് പാപ്പായ്ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കുകയാണ് ചെയ്തത്. മാത്രമല്ല എല്ലാ പ്രായോഗിക ആവശ്യങ്ങള്‍ക്കും പാപ്പായ്ക്ക് പിന്നീട് ഡെസിദാരിയൂസിനെ ആശ്രയിക്കേണ്ടതിന്റെയും അങ്ങനെ പൂര്‍ണ്ണമായി അദ്ദേഹത്തിന് വിധേയപ്പെടതിന്റെയും സാഹചര്യം സംജാതമായി. ഏ.ഡി. 771-ൽ ഫ്രാങ്കുകളുടെ സർവ്വാധികാരിയായിരുന്ന ചാൾസ്, ഡെസിദാരിയൂസിന്റെ മകളുമായുള്ള വിവാഹ ബന്ധത്തിൽ നിന്നും പിന്മാറി. ഇത് ലൊംബാര്‍ഡ് രാജാവും ചാള്‍സുമായുള്ള കടുത്ത ശത്രുതയ്ക്ക് വഴിയൊരുക്കി. ഈ സാഹചര്യങ്ങള്‍ സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പായുടെ നില കൂടുതല്‍ പരുങ്ങലിലാക്കുകയും അദ്ദേഹത്തിന്റെ ഭരണകാലം സമ്പൂര്‍ണ്ണ പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.
ഏ.ഡി. 772 ജനുവരി 24-ന് കാലം ചെയ്ത സ്റ്റീഫന്‍ മൂന്നാമന്‍ പാപ്പയുടെ ഭൗതീക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.
മറ്റ് മാർപാപ്പാമാരെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.