'ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് തുടരരുത്':ഏകീകൃത ദിവ്യബലി അര്‍പ്പിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാര്‍പാപ്പയുടെ കര്‍ശന നിര്‍ദേശം

'ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് തുടരരുത്':ഏകീകൃത ദിവ്യബലി അര്‍പ്പിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാര്‍പാപ്പയുടെ കര്‍ശന നിര്‍ദേശം

വത്തിക്കാൻ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതയിൽ പിറവിത്തിരുന്നാളോടെ സീറോ മലബാർ സിനഡ് തീരുമാന പ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പിക്കുവാൻ നിർദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. സീറോ മലബാർ സഭയുടെ മേജർ അർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം - അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ചുമതലയിൽ നിന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും വിരമിച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സന്ദേശത്തിലാണ് മാർപ്പാപ്പയുടെ ആഹ്വാനം.

മാർപാപ്പ നൽകിയ വീഡിയോ സന്ദേശത്തിന്റെ മലയാള പരിഭാഷ

പരിശുദ്ധ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകുന്ന സന്ദേശം. എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്. വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു. സാർവ്വത്രിക സഭയ്ക്ക് സന്തോഷവും അഭിമാനവും നൽകുന്ന പ്രിയപ്പെട്ട സീറോ-മലബാർ സഭയുടെ വിശ്വാസവും പ്രേഷിത പ്രതിബദ്ധതയും എനിക്കറിവുള്ളതാണ്. അതുകൊണ്ടുതന്നെ, ഇന്ന് നിങ്ങളോടു സംസാരിക്കുമ്പോൾ എന്റെ ഹൃദയം ദുഖപൂരിതമാണ്.

നിങ്ങളുടെ മെത്രാൻ സിനഡ് ദീർഘവും ശ്രമകരവുമായ പരിശ്രമത്തിനു ശേഷം പരിശുദ്ധ കുർബാനയുടെ അർപ്പണ രീതി സംബന്ധിച്ച് ഒരു യോജിപ്പിലെത്തിയിരുന്നു. ഏറ്റം ആദർശയോഗ്യമായ തീരുമാനമല്ലിത് എന്ന് സിനഡിലെ ചില മെത്രാന്മാർ വിലയിരുത്തിയെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ആഗ്രഹവും സ്നേഹവുമാണ് ഇതുപോലൊരു തീരുമാനത്തിലെത്താൻ സിനഡ് അംഗങ്ങൾ എല്ലാവരെയും പ്രേരിപ്പിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ത്യാഗങ്ങളാണവ.

യഥാർത്ഥത്തിൽ സഭ കൂട്ടായ്മയാണ്. കൂട്ടായ്മ ഇല്ലായെങ്കിൽ സഭയില്ല... ഒരു വിഘടിത വിഭാഗമാവും. സമൂഹത്തിന്റെ മാതൃകകളും കൂട്ടായ്മയുടെ യഥാർത്ഥ ഗുരുക്കന്മാരും ആയിരിക്കേണ്ട ചിലർ പ്രത്യേകിച്ച് വൈദികർ സിനഡിന്റെ തീരുമാനങ്ങളെ അനുസരിക്കാതിരിക്കാനും എതിർക്കാനും വർഷങ്ങളായി നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. സഹോദരീ സഹോദരന്മാരേ അവരെ പിന്തുടരരുത്. സമാധാനപരമല്ലാത്ത ചർച്ച അക്രമം സൃഷ്ടിക്കുന്നു. നിങ്ങളുടെ ഇടയിൽ അക്രമം നടന്നിട്ടുണ്ട്. ഇപ്പോഴുമുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ സഭ തീരുമാനിച്ചതുപോലെ കൂട്ടായ്മയിൽ തുടരാനും കുർബാനയർപ്പിക്കാനും ആഗ്രഹിക്കുന്നവർക്കെതിരെ.

സഭയോടു വിധേയത്വമുള്ളവരായിരിക്കാൻ ഞാനും പലതവണ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ കുർബാനയോട് അനാദരവ് കാട്ടുകയും കൂട്ടായ്മ തകർക്കുകയും പോരും കലഹങ്ങളും തുടരുകയും ചെയ്യുന്നിടത്ത് കുർബാനയുണ്ടാകുന്നത് എങ്ങനെയാണ്? എതിർപ്പിനുള്ള ചില കാരണങ്ങൾക്ക് കുർബാനയർപ്പണവുമായോ ആരാധനക്രമവുമായൊ യാതൊരു ബന്ധവുമില്ലെന്ന് എനിക്കറിയാം. അവ ലൗകിക കാരണങ്ങളാണ്. അവ പരിശുദ്ധാത്മാവിൽനിന്നു വരുന്നവയല്ല. വരുന്നത് പരിശുദ്ധാത്മാവിൽ നിന്ന് അല്ലായെങ്കിൽ മറ്റിടങ്ങളിൽ നിന്നാണ്.

ഇക്കാരണങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്താനായി വർഷങ്ങളായി മുന്നോട്ടുവെച്ച കാരണങ്ങൾ ഞാൻ ശ്രദ്ധാപൂർവ്വം സമയമെടുത്തു പഠിച്ചു. ഞാൻ തന്നെ ഇതിനകം പല തവണ നിങ്ങൾക്ക് കത്തുകൾ എഴുതിയിട്ടുണ്ട്. എന്നാൽ എല്ലാ വിശ്വാസികളുടെയും അറിവിനായി എന്റെ കത്തുകൾ പൊതുവായി വായിച്ചിട്ടില്ലെന്ന് എനിക്കറിയാം.

ദൈവത്തിൻറെ വിശ്വസ്തരായ വിശുദ്ധജനമേ, വൈദികരേ, സന്യാസിനി സന്യാസികളേ, എല്ലാറ്റിനുമുപരിയായി കർത്താവിൽ വളരെയധികം വിശ്വാസമുള്ളവരും സഭയെ സ്നേഹിക്കുന്നവരുമായ അല്മായ സഹോദരങ്ങളേ, നിങ്ങളെ അഭിസംബോധന ചെയ്യാൻ ഞാൻ തീരുമാനിച്ചു. അസാധാരണമായ രീതിയിലാണ് ഞാൻ ഇത് ചെയ്യുന്നത്. കാരണം മാർപ്പാപ്പ എന്താണ് ചിന്തിക്കുന്നതെന്ന് ഇനിയാർക്കും സംശയം വരാൻ ഇടയാകരുത്.

കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ സഭയുടെ, നമ്മുടെ സഭയുടെ ആത്മീയ നന്മയ്ക്കായി ഈ മുറിവ് ഉണക്കുക. ഇത് നിങ്ങളുടെ സഭയാണ്, ഇത് നമ്മുടെ സഭയാണ്. കൂട്ടായ്മ പുനസ്ഥാപിക്കുക, കത്തോലിക്കാ സഭയിൽ തുടരുക. വൈദികരേ, നിങ്ങളുടെ തിരുപട്ടത്തെയും അതിലൂടെ ഏറ്റെടുത്ത പ്രതിബദ്ധതയെയും ഓർക്കുക. നിങ്ങളുടെ സഭയുടെ പാതയിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു പോകാതെ സിനഡിന്റെയും നിങ്ങളുടെ മെത്രാന്മാരുടെയും മേജർ ആർച്ചുബിഷപ്പിന്റെയും ഒപ്പം സഞ്ചരിക്കുക. നിങ്ങളുടെ സിനഡ് തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കുക.

ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ എന്റെ പ്രതിനിധിയായി ഞാൻ നിങ്ങളുടെ അടുക്കലേയ്ക്ക് അയച്ചു. അദേഹം നിങ്ങളുടെ ഇടയിൽ വന്നു. സമരവും എതിർപ്പുകളും ചിലപ്പോൾ അക്രമങ്ങളും അവസാനിപ്പിക്കാൻ അദേഹവും എന്റെ പേരിൽ നിങ്ങളോട് ആവശ്യപ്പെട്ടു.

ഈ വിധത്തിലുള്ള സമരങ്ങൾ സഭയുടെ വളർച്ചയെ തടസപ്പെടുത്തി. ദൈവത്തിൻറെ വിശുദ്ധജന ശൂശ്രൂഷയ്ക്കും ദൈവജനത്തിന്റെ വിശുദ്ധീകരണത്തിനും സഹായിക്കുന്ന പല നല്ല സംരംഭങ്ങളും ഇല്ലാതാക്കുന്നതായി നിങ്ങൾ കാണുന്നില്ലേ? നിങ്ങളുടെ സഭയിലെ മറ്റെല്ലാ രൂപതകളോടും ചേർന്ന് എളിമയോടും വിശുദ്ധിയോടും കൂടി നിങ്ങളുടെ അതിരൂപത 2023 പിറവിത്തിരുനാളിന് കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനം നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തുക.

നിങ്ങൾ ശ്രദ്ധാലുക്കൾ ആയിരിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പിശാച് നിങ്ങളെ ഒരു വിഘടിത വിഭാഗമായി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ സഹോദരീ സഹോദരന്മാരെയും വിശ്വാസത്തിലും സഭൈക്യത്തിലും ഉറപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന പത്രോസിന്റെ പിൻഗാമിയുമായും നിങ്ങളുടെ ഇടയന്മാരുമായും നിങ്ങൾ സഹകരിക്കാത്തത് കാരണം നിങ്ങളുടെ ചുമതലപ്പെട്ട സഭാധികാരികൾ നിങ്ങൾ സഭയ്ക്ക് പുറത്തു പോകുന്നത് സാക്ഷ്യപ്പെടുത്തുന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കാതിരിക്കുക. അങ്ങനെവന്നാൽ ഉചിതമായ സഭാ നടപടികൾ അത്യധികം വേദനയോടെ എടുക്കേണ്ടതായി വരും. അതിലേക്കെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അതുകൊണ്ട് ഈ വരുന്ന പിറവി തിരുനാളിൽ സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതു പോലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണം. ആരാധന ക്രമത്തിൽ നിങ്ങളുടെ മേജർ ആർച്ച് ബിഷപ്പിന്റെ പേരു പറയുകയും അദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. ഇതെല്ലായ്പ്പോഴും സഭാ കൂട്ടായ്മയുടെ ഒരു പ്രധാനപ്പെട്ട അടയാളമായിരുന്നു. അപ്പോൾ നിങ്ങളുടെ വിശ്വാസികൾക്കെല്ലാം അതൊരു നല്ല പിറവി തിരുനാൾ ആഘോഷമായിരിക്കും.

ദയവായി ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് നിങ്ങൾ തുടരരുത്. സഭാഗാത്രത്തിൽ നിന്ന് സ്വയം വേർപെടരുത്. നിങ്ങൾക്കെതിരെയും അന്യായമായവ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരോടു ഉദാരതയോടെ ക്ഷമിക്കുക. പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്, അങ്ങനെയായാൽ തന്റെ തന്നെ ന്യായവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും (1കോറി11:29).

കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധാത്മാവ് നിങ്ങളെ പ്രകാശിപ്പിക്കട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കാനും നിങ്ങൾ ദയവായി തയ്യാറാകണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.