കീവ്: യുദ്ധത്തിനിടയിലും ഉക്രെയ്ന്‍കാര്‍ക്ക് പ്രതീക്ഷയുടെ കാലയളവാണ് ക്രിസ്മസ്. റഷ്യന്‍ അധിനിവേശം നല്‍കുന്ന നിരാശകള്‍ക്കിടയിലും പ്രതീക്ഷയുടെ കിരണങ്ങള്‍ വാനോളം ഉയര്‍ത്തുന്ന ക്രിസ്മസിന്റെ ആഘോഷരാവുകള്‍ക്കായി അവര്‍ കാത്തിരിക്കുകയാണ്. പുലര്‍കാല മഞ്ഞില്‍ പൊന്‍പ്രഭയോടെ തിളങ്ങുന്ന ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ ആ ജനതയുടെ ഉള്ളിലും നക്ഷത്ര ശോഭ സമ്മാനിക്കുന്നു.
റഷ്യയുടെ അധിനിവേശം നല്‍കുന്ന ആശങ്കകള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ഇടയിലേക്കാണ് രണ്ടാം വര്‍ഷവും ക്രിസ്മസ് വീണ്ടും കടന്നു വരുന്നത്. 2022 ഫെബ്രുവരി 24-ന് ആരംഭിച്ച യുദ്ധത്തിന്റെ കെടുതികള്‍ ഇപ്പോഴും തുടരുകയാണ്. യുദ്ധം ആരംഭിച്ച ശേഷം രണ്ടാം തവണയും ഉക്രെയ്ന്‍കാര്‍ തലസ്ഥാനമായ കീവിന്റെ മധ്യഭാഗത്ത് ഒരു ക്രിസ്മസ് ട്രീ തെളിയിച്ചു. ആദ്യമായാണ് ഈ ചടങ്ങ് പുതിയ തീയതിയായ ഡിസംബര്‍ ആറിന് നടത്തുന്നത്. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച്, വി. നിക്കോളാസിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 19-നാണ് ക്രിസ്മസ് ട്രീ തെളിയിക്കുന്ന ചടങ്ങ് നടത്തുന്നത്. ഇക്കുറി നേരത്തെ നടത്തുകയായിരുന്നു.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യം അനുസരിച്ച് ജനുവരി ഏഴിനായിരുന്നു ഉക്രെയ്ന്‍ ജനത ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്ന പാരമ്പര്യത്തില്‍നിന്ന് ഉക്രെയ്ന്‍ പിന്‍മാറിയിരുന്നു. ക്രിസ്മസ് ദിനം ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന നിയമത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി കഴിഞ്ഞ ജൂണിലാണ് ഒപ്പുവച്ചത്. ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷം അടിച്ചേല്‍പിക്കുന്നത് ഉള്‍പ്പെടെയുള്ള റഷ്യന്‍ പൈതൃകം ഉപേക്ഷിക്കുകയാണ് നിയമനിര്‍മ്മാണത്തിന്റെ ലക്ഷ്യമെന്ന് അന്നു പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് എതിര്‍പ്പുണ്ടെന്ന് വാര്‍ത്തകളും പുറത്തു വന്നിരുന്നു.
നിയമനിര്‍മ്മാണത്തെ തുടര്‍ന്ന് ഉക്രെയ്‌നിലെ ഓര്‍ത്തഡോക്‌സ് സഭയും ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയും ഗ്രിഗോറിയന്‍ കലണ്ടറാണു പിന്തുടുന്നത്. ഇഇ വര്‍ഷം മുതല്‍ ഡിസംബര്‍ 25-ന് ക്രിസ്മസും ഡിസംബര്‍ ആറിന് സെന്റ് നിക്കോളാസ് ദിനവും ആഘോഷിക്കും. ഇതിന്റെ ഭാഗമായാണ് ഡിസംബര്‍ ആറിന് ചരിത്രപ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയത്തിന് മുന്നിലെ ചത്വരത്തില്‍ ക്രിസ്മസ് ട്രീ തെളിച്ചത്.
യുദ്ധസമയത്ത് വലിയ ഒത്തുചേരലുകള്‍ക്ക് ഇപ്പോഴും നിരോധനമുള്ളതിനാല്‍ ഈ വര്‍ഷം ചടങ്ങുണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. കീവിന്റെ ഡിഫന്‍സ് കൗണ്‍സില്‍ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഫുഡ് കോര്‍ട്ടുകളോ, വലിയ തോതിലുള്ള ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല.
റഷ്യയുടെ വ്യോമാക്രമണത്തിന്റെ ഭീതികള്‍ക്കിടയിലും ആയിരക്കണക്കിന് ആളുകളാണ് സെന്റ് സോഫിയ ദേവാലയത്തിന് മുന്നിലെ ചത്വരത്തില്‍ ദീപാലങ്കാരം കാണാന്‍ എത്തുന്നത്. സെല്‍ഫയെടുക്കാനായി കുട്ടികളും തിരക്കുകൂട്ടുന്നു.
കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോയാണ് ക്രിസ്മസ് ട്രീ തെളിച്ചത്. 'ഉക്രെയ്ന്‍കാരെ ഭീതിയിലേക്കും വിഷാദത്തിലേക്കും തള്ളിവിടാനും നമ്മുടെ കുട്ടികളുടെ ഭാവിയും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളും നഷ്ടപ്പെടുത്താനും പുടിനും അയാളുടെ അനുകൂലികളും ആഗ്രഹിക്കുന്നു - പക്ഷേ അവര്‍ വിജയിക്കില്ല! നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുന്‍നിരയില്‍ പോരാടുന്നവരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ് - മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. ജനുവരി 10 വരെ ക്രിസ്മസ് ട്രീ നിലനിര്‍ത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.