ഫ്രാന്‍സിസ് അസീസിയെ സ്വാധീനിച്ച അതേ ബൈബിള്‍ വചനം... സംഗീതം ഉപേക്ഷിച്ച് ഡാഡി യാങ്കി ക്രിസ്തുവിന്റെ വഴിയേ

ഫ്രാന്‍സിസ് അസീസിയെ സ്വാധീനിച്ച അതേ ബൈബിള്‍ വചനം... സംഗീതം ഉപേക്ഷിച്ച് ഡാഡി യാങ്കി ക്രിസ്തുവിന്റെ വഴിയേ

'ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം'... അസീസിയിലെ ഫ്രാന്‍സിസിനെ സകല ആഢംബരങ്ങളും ഉപേക്ഷിച്ച് വിശുദ്ധിയുടെ വെണ്‍ പടവുകളിലേക്ക് നയിച്ച ബൈബിള്‍ വചനം. അതേ ബൈബിള്‍ വചനം തന്നെ കിടിലന്‍ ലാറ്റിനമേരിക്കന്‍ പാട്ടുകളിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന പ്യൂര്‍ട്ടോറിക്കന്‍ റാപ്പ് താരം ഡാഡി യാങ്കിയുടെ ജീവിതവും മാറ്റി മറിച്ചു.

ടിക് ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ സംഗീത പ്രേമികളുടെ സിരകളെ പ്രകമ്പനം കൊള്ളിച്ച ഡെസ്പാസിറ്റോ, ഗാസൊലീന തുടങ്ങിയ ലാറ്റിനമേരിക്കന്‍ പാട്ടുകള്‍ പാടി പറന്നുനടന്ന ഡാഡി യാങ്കി എന്ന റമോണ്‍ അയാല റോഡ്രിഗൂസ് ഇനി പാട്ടുകളും ആഢംബര ജീവിതവും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പാത പിന്തുടരും.

തന്റെ  La Última Vuelta (Last Lap) എന്ന ലോകപര്യടനത്തിലെ അവസാന പെര്‍ഫോമന്‍സിന് ശേഷമാണ് ഡാഡി യാങ്കി തന്റെ സംഗീത ജീവിതത്തിന് തിരശീലയിട്ടത്. 'ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്തുകാര്യം' എന്ന ബൈബിള്‍ വാചകം പറഞ്ഞുകൊണ്ടാണ് ഡാഡി യാങ്കി ഔദ്യോഗികമായി വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

ഒരു വിജയകരമായ ജീവിതം നയിക്കുന്നത് ഒരു ലക്ഷ്യത്തോടെയുള്ള ജീവിതത്തിന് തുല്യമാകില്ലെന്നും നാല്‍പത്താറുകാരനായ താരം ആരാധകരോട് പറഞ്ഞു. ഒരാള്‍ക്കും നികത്താന്‍ കഴിയാത്ത ഒരു ശൂന്യത നികത്താന്‍ വളരെക്കാലമായി ശ്രമിക്കുകയാണ്.

ആര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തന്റെ വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും ഡാഡി യാങ്കി പറഞ്ഞു. യേശു തന്നില്‍ വസിക്കുന്നുവെന്നും താന്‍ അവനുവേണ്ടി ജീവിക്കുമെന്നും ലോകത്തോട് അത് പറയാന്‍ ലജ്ജയില്ലെന്നും ഡാഡി യാങ്കി കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായും സുവിശേഷ ജീവിതത്തിലേക്ക് മാറിയ ഡാഡി യാങ്കി ഇനി റമോണ്‍ അയാല റോഡ്രിഗൂസ് എന്ന യഥാര്‍ഥ പേരിലേക്കു മടങ്ങും. സാന്‍ ജുവാനിലെ തിങ്ങിനിറഞ്ഞ കൊളിസിയോ ഡി പ്യൂര്‍ട്ടോറിക്കോയില്‍ തന്റെ അവസാന ഷോ പൂര്‍ത്തിയാക്കിയ താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞു. 'ഒപ്പം വഴിയും സത്യവും ജീവനുമായ' യേശു ക്രിസ്തുവിനെ പിന്തുടരുക എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഏകദേശം 1.8 കോടി ആല്‍ബങ്ങള്‍ യാങ്കിയുടേതായി വിറ്റഴിക്കപെട്ടിട്ടുണ്ട്. ഡെസ്പാസിറ്റോ എന്ന ഗാനം ഡാഡി യാങ്കിയെ ലോകമെമ്പാടുമായി ഏറ്റവുമധികം ആരാധകരുള്ള താരമാക്കി മാറ്റി. ഫാഷനും യുവസുന്ദരികളും ആഘോഷത്തിന്റെ തെരുവ് പശ്ചാത്തലവുമായിരുന്നു ഡാഡി യാങ്കിയുടെ പാട്ടുകളില്‍ അധികവും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.