അമേരിക്കയിലെ നെബ്രാസ്‌കയില്‍ കത്തോലിക്കാ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തി; അക്രമം പള്ളിമേടയിൽ അതിക്രമിച്ചു കയറി

അമേരിക്കയിലെ നെബ്രാസ്‌കയില്‍ കത്തോലിക്കാ പുരോഹിതനെ കുത്തിക്കൊലപ്പെടുത്തി; അക്രമം പള്ളിമേടയിൽ അതിക്രമിച്ചു കയറി

ലിങ്കണ്‍: അമേരിക്കയിലെ നെബ്രാസ്‌കയില്‍ പള്ളിമേടയിൽ കത്തോലിക്കാ പുരോഹിതന്‍ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിമേടയിൽ അതിക്രമിച്ചു കയറിയ അക്രമി പുരോഹിതനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെബ്രാസ്‌കയിലെ ഫോര്‍ട്ട് കാല്‍ഹൗണിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയുടെ റെക്ടറിയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

65 വയസുകാരനായ ഫാ. സ്റ്റീഫന്‍ ഗട്ട്സെലാണ് ആക്രമിക്കപ്പെട്ടതെന്ന് ഒമാഹ അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. വൈദികന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അതിരൂപത പറയുന്നു.

ഒമാഹയില്‍ നിന്ന് 16 മൈല്‍ അകലെയാണ് ഫോര്‍ട്ട് കാല്‍ഹൗണ്‍ സ്ഥിതി ചെയ്യുന്നത്. പള്ളിയില്‍ കൊലപാതകം നടന്നതായി വാഷിങ്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസും സ്ഥിരീകരിച്ചു.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അക്രമി കത്തിയുമായി പള്ളിമേടയിൽ അതിക്രമിച്ചു കയറിയത്. ഫാ. സ്റ്റീഫന്‍ ഗട്ട്സെല്‍ തന്നെയാണ് ആരോ റെക്ടറിയില്‍ അതിക്രമിച്ചു കയറിയതായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ നിലയില്‍ വൈദികനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നെബ്രാസ്‌ക യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അക്രമിയെയും സംഭവ സ്ഥലത്തുനിന്നു പിടികൂടിയതായി വാഷിങ്ടണ്‍ കൗണ്ടി ഷെരീഫ് മൈക്ക് റോബിന്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആഫ്രിക്കന്‍ വംശജനായ കീറെ എല്‍ വില്യംസാണ് (43) അക്രമിയെന്ന പ്രാഥമിക വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടത്. അയോവയിലെ സിയോക്സ് സിറ്റി സ്വദേശിയാണ്. പ്രതിക്കെതിരേ നരഹത്യാ കുറ്റം ചുമത്തി.

സംഭവത്തെതുടര്‍ന്ന് ഞായറാഴ്ച്ച രാവിലത്തെ സര്‍വീസ് റദ്ദാക്കിയതായി പള്ളി ഇടവകാംഗമായ മൈക്ക് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു. 'ഫാ. ഗട്ട്സെല്‍ 11 വര്‍ഷമായി ഇവിടെ സേവനം ചെയ്യുന്നു. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു' - മൈക്ക് ഫിറ്റ്സ്ജെറാള്‍ഡ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.