ഏകീകൃത കുര്‍ബ്ബാന; മാര്‍പാപ്പ തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രചാരണം വസ്തുതാ വിരുദ്ധം: സീറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബ്ബാന; മാര്‍പാപ്പ തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രചാരണം വസ്തുതാ വിരുദ്ധം: സീറോ മലബാര്‍ സഭ

കൊച്ചി: മാര്‍പാപ്പ തെറ്റിദ്ധരിക്കപ്പെട്ടു എന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭയിലെ ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണ വിഷയത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റുപറ്റാമെന്നും മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പരിശുദ്ധ പിതാവിന്റെ വീഡിയോ സന്ദേശത്തില്‍ വസ്തുതാപരമായ പിശകുകളുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാലാണ് സീറോ മലബാര്‍ സഭ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഈ മാസം ഏഴിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്ത് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു വീഡിയോ സന്ദേശം നല്‍കിയിരുന്നു. ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍ മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാര്‍പാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.

അതിനാല്‍ കത്തോലിക്കാ തിരുസഭയുടെ പിതാവും തലവനുമായി മാര്‍പാപ്പയെ അംഗീകരിക്കുകയും തിരുസഭയുടെ കൂട്ടായ്മയില്‍ തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും മാര്‍പാപ്പയുടെ ഈ തീരുമാനം അനുസരിക്കാന്‍ കടപ്പെട്ടവരാണ്.

1999 നവംബര്‍ മാസത്തിലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് ഏകകണ്ഠമായി സ്ഥിരീകരിച്ചതും പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയാണ് 2021 നവംബര്‍ 28 മുതല്‍ നിയമബദ്ധമായി നടപ്പിലാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നത്.

തികച്ചും അസാധാരണമായ നടപടിയെന്ന നിലയില്‍ പിതൃസഹജമായ സ്‌നേഹത്തോടെ 2021 ജൂലൈ മൂന്നിന് സീറോ മലബാര്‍ സഭയ്ക്ക് മുഴുവനായും 2022 മാര്‍ച്ച് 25 ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്.

ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് കഴിഞ്ഞ ദിവസം നല്‍കിയ വീഡിയോ സന്ദേശത്തിലും മാര്‍പാപ്പ ആവര്‍ത്തിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവിന്റെ ഈ ഉദ്‌ബോധനം സ്വീകരിക്കാനും അനുസരിക്കാനും എല്ലാവരും കടപ്പെട്ടവരാണെന്നാണ് പ്രസ്താവനയിലൂടെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്.

വീഡിയോ സന്ദേശത്തിലെ മാര്‍പാപ്പയുടെ വാക്കുകള്‍ കൃത്യവും വ്യക്തവുമാണ്: 'ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള വ്യത്യസ്തമായ വാദഗതികള്‍ സമയമെടുത്ത് പഠിച്ചാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. സഭ കൂട്ടായ്മയാണെന്നും ആ കൂട്ടായ്മയോട് ചേര്‍ന്ന് നില്‍ക്കുന്നില്ലെങ്കില്‍ വിഘടിത വിഭാഗമാകും. സിനഡിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും തീരുമാനങ്ങളെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവരെ പിന്തുടരരുത്.

പരിശുദ്ധാത്മാവ് നയിക്കുന്ന കൂട്ടായ്മയിലേക്കല്ല വിഭാഗീയതയുടെ മറ്റിടങ്ങളിലേക്കാണ് നിങ്ങള്‍ നയിക്കപ്പെടുന്നത്. സഭയോട് വിധേയത്വമുള്ളവരാകാനും കലഹങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ ആവശ്യപ്പെടുന്നു.' വേദനയോടും പൈതൃകമായ വാത്സല്യത്തോടും കൂടെ മാര്‍പാപ്പ നല്‍കുന്ന ഈ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു.

കാരണം മാര്‍പാപ്പയെ അനുസരിക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്നവരോട് സംശയാതീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കണമെന്ന് രണ്ട് കത്തുകളിലൂടെ മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ മാര്‍ഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തില്‍ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്.

എന്നാല്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാര്‍പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫല ശ്രമമാണ്. ഈ മാസം 25 മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതിന് ശേഷവും ആഘോഷ ദിവസങ്ങളില്‍ മാത്രം ചിലയിടങ്ങളില്‍ ചൊല്ലണമെന്നാണ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാര്‍ത്ഥത്തില്‍ തെറ്റിധാരണ പടര്‍ത്തുന്നത്.

സഭയുടെ കൂട്ടായ്മയില്‍ ചേര്‍ന്നു നില്‍ക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകള്‍ക്ക് ഔദാര്യപൂര്‍വം സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ പിറവിത്തിരുനാള്‍ മുതല്‍ നിര്‍ബന്ധമായും എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടത്.

മുറിവുകള്‍ ഉണക്കി സഭാകൂട്ടായ്മ പുനസ്ഥാപിച്ച് കത്തോലിക്കാ സഭയുടെ കൂട്ടായ്മയില്‍ തുടരുകയെന്ന മാര്‍പാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കാമെന്നാണ് സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26