രണ്ടാം ടി20യിലെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ കാണിച്ച മണ്ടത്തരങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

രണ്ടാം ടി20യിലെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ കാണിച്ച മണ്ടത്തരങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

ന്യൂ ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സൂര്യകുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച ഗംഭീര്‍ കളി തോറ്റതിന് കാരണം നായകന്റെ രണ്ട് മണ്ടത്തരമാണെന്നും പറഞ്ഞു.

രണ്ടാം ടി20യില്‍ ശ്രേയസ് അയ്യരെയും രവി ബിഷ്‌ണോയിയെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത ഗംഭീര്‍ ഇത് തികച്ചും മണ്ടത്തരമാണെന്നു ചൂണ്ടിക്കാട്ടി. ഓസീസിസനെതിരായ അവസാന ടി20യില്‍ അയ്യര്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.

ഓസീസിനെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റ് നേടിയ ബിഷ്‌ണോയ് പ്ലെയര്‍ ഓഫ് ദ സീരിസ് ആയിരുന്നു.

ഫോമിലുള്ള ബാറ്ററെയും ലോക ടി20യിലെ ഒന്നാം നമ്പര്‍ ബൗളറെയും പുറത്തിരുത്തി അന്തിമ പതിനൊന്നിനെ തിരഞ്ഞെടുത്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് ഗംഭീര്‍ സൂര്യകുമാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്.

പ്രത്യേകിച്ചും മുതിര്‍ന്ന താരങ്ങള്‍ ടീമിലില്ലാത്ത സാഹചര്യത്തില്‍ പോലും ബിഷ്‌ണോയിക്ക് അവസരം നല്‍കാത്തത് ആശ്ചര്യകരമാണ്. അതുപോലെ തന്നെ മികച്ച ഫോമിലുള്ള ബൗളറെയും ബാറ്ററെയും പുറത്തിരുത്തി മറ്റുള്ളവരെ കളിപ്പിക്കുന്നതിന് പിന്നിലുള്ള ചേതോവികാരം എന്താണെന്നു സൂര്യകുമാര്‍ വ്യക്തമാക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

രണ്ടാം ടി20യില്‍ മഴമൂലം ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിച്ചു. തുടര്‍ന്ന് 13.5 ഓവറില്‍ 154 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക വിജയം നേടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.