ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഇസ്രയേല്‍. അന്തിമ വിജയം കാണും വരെ സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലോക രാഷ്ട്രങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍ യുദ്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി എലി കോഹനും വ്യക്തമാക്കി.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ അന്ത്യം കാണും വരെ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന തങ്ങളുടെ നിലപാട് ഇസ്രയേല്‍ അറിയിച്ചത്.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പിന്തുണച്ചിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രയേല്‍ തുടങ്ങി 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ ബ്രിട്ടണും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
സൈനിക നടപടി എഴുപത് ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണെന്നാണ് യു.എന്‍ ചൂണ്ടിക്കാട്ടുന്നത്. ലോകം കണ്ട ഏറ്റവും വലിയ പലായനമാണ് വടക്കന്‍ ഗാസയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വടക്കന്‍ ഗാസയിലെ ആകെയുള്ള ജനങ്ങളില്‍ പകുതിയും നിലവില്‍ തെക്കന്‍ ഗാസ നഗരമായ റഫയില്‍ എത്തിയെന്നാണ് യു.എന്‍ വ്യക്തമാക്കുന്നത്. റഫയില്‍ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ വലിയ ആള്‍ക്കുട്ടമാണന്ന് യു.എന്‍ പ്രതിനിധികള്‍ പറഞ്ഞു.
ദുരിതാശ്വാസ സാധനങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഗാസയിലേക്ക് എത്തുന്നത് എന്നാണ് മറ്റൊരു പ്രശ്‌നം. മേഖലയില്‍ പത്ത് പേരില്‍ ഒമ്പത് പേര്‍ക്കും എല്ലാ ദിവസവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും യു.എന്‍ വ്യക്തമാക്കുന്നു. ഹമാസിന്റെ ഇടപെടലാണ് ഭക്ഷണ വിതരണത്തിന് തടസമാകുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇതിനെ സാധൂകരിക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ പുറത്തു വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.