പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡിസംബര്‍ 13 ന് പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തല്‍. പൊള്ളലേല്‍ക്കുന്നത് തടയുന്ന ജെല്‍ ദേഹത്ത് പുരട്ടിയ ശേഷം സ്വയം തീകൊളുത്തിയുള്ള പ്രതിഷേധമാണ് ഇവര്‍ ആദ്യം ആലോചിച്ചതെന്നും എന്നാല്‍ ഇത് നടന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൂടാതെ പാര്‍ലമെന്റിനകത്ത് ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്ലാന്‍ എ നടപ്പാക്കാനാകാതെ വന്നപ്പോളാണ് പ്ലാന്‍ ബി ആയ പുകക്കുറ്റി ആക്രമണം നടപ്പാക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് മുമ്പ് പ്രതികള്‍ തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനുള്ള മറ്റ് വഴികളെപ്പറ്റിയും അന്വേഷിച്ചിരുന്നു. ശരീരത്തില്‍ ഫയര്‍ പ്രൂഫ് ജെല്‍ പുരട്ടി സ്വയം തീകൊളുത്താന്‍ അവര്‍ ആദ്യം ആലോചിച്ചു. പക്ഷേ ഈ ആശയം ഉപേക്ഷിച്ചു. പാര്‍ലമെന്റിനുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും അവര്‍ ആലോചിച്ചെങ്കിലും ഒടുവില്‍ ബുധനാഴ്ച തങ്ങള്‍ നടപ്പിലാക്കിയ പദ്ധതിയുമായി അവര്‍ മുന്നോട്ട് പോകുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താനും കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ തീരുമാനിച്ചിരുന്നു. മൈസൂരു എംപിയായ സിംഹയുടെ ശുപാര്‍ശ പ്രകാരം ലഭിച്ച സന്ദര്‍ശക പാസുകള്‍ ഉപയോഗിച്ചാണ് അക്രമികള്‍ പാര്‍ലമെന്റിനകത്ത് കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. പാര്‍ലമെന്റില്‍ കയറി പ്രതിഷേധിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. അതേസമയം അറസ്റ്റിലുള്ള ലളിത് ഝായെ രക്ഷെപ്പടാന്‍ സഹായിച്ച മഹേഷ് കുംവത്, കൈലാഷ് എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് മുങ്ങിയ ഝായെ അവിടേക്ക് കൊണ്ടുപോയി തെളിവെടുക്കും. രാജസ്ഥാനിലെ നാഗൗറിലേക്ക് ലളിത് ഝായെ ഉടന്‍ കൊണ്ടുപോകുമെന്നാണ് വിവരം.

തന്റെയും മറ്റുള്ളവരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായി പറയപ്പെടുന്ന സ്ഥലത്തേക്കും ഇയാളെ കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബിഹാര്‍ സ്വദേശി ലളിത് ഝാ കേസിലെ ആറാം പ്രതിയാണ്. ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ 13 ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

പാര്‍ലമെന്റിനുപുറത്ത് അമോല്‍ ഷിന്‍ഡെയും, നീലം ദേവിയും കളര്‍ സ്പ്രേ പ്രയോഗിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ലളിത് ഝാ ആണ്. ദൃശ്യങ്ങള്‍ ഒരു എന്‍ജിഒ നേതാവിന് അയച്ചുകൊടുത്ത് ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമ ശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് നിര്‍ദേശിച്ചുവെന്നാണ് വിവരം. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ലളിത്, രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും പറയപ്പെടുന്നു. അക്രമത്തിന് മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവരാണ് പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയില്‍ പിടിയിലായ മറ്റ് പ്രതികള്‍. ലോക്സഭയ്ക്കുള്ളില്‍ ഭീകരാക്രമണത്തിന് ശ്രമിച്ചു എന്ന കുറ്റമാണ് സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും എതിരെ ചുമത്തിയിരിക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് ഭീകരാക്രമണത്തിന് ശ്രമിച്ചു എന്നതാണ് അമോല്‍ ഷിന്‍ഡെയ്ക്കും നീലം ദേവിക്കും എതിരെയുള്ള കുറ്റം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.