തിരുവനന്തപുരം: സംസ്ഥാനത്ത് കേവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും.
ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം.
ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.
നിലവിലെ ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 ഒമിക്രോണ്‍ ആണന്ന് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.
ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ട്.
ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വെലന്‍സ് ഓഫീസര്‍മാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.