കനത്ത മഴയില്‍ വിറങ്ങലിച്ച് തമിഴ്‌നാട്; മരണം 10 ആയി ഉയര്‍ന്നു, 17000 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

കനത്ത മഴയില്‍ വിറങ്ങലിച്ച് തമിഴ്‌നാട്; മരണം 10 ആയി ഉയര്‍ന്നു, 17000 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ദക്ഷിണ ജില്ലകളില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നുവെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീന അറിയിച്ചു. റെക്കോര്‍ഡ് മഴ ലഭിച്ച തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളിലായി 10 പേരാണ് മരിച്ചത്.

ഇവരില്‍ ചിലര്‍ ഭിത്തി ഇടിഞ്ഞുവീണും ചിലര്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. അതിരൂക്ഷമായ പ്രളയത്തെ അഭിമുഖീകരിക്കുകയാണ് ഈ പ്രദേശങ്ങള്‍.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ തെറ്റായിരുന്നുവെന്നും ചീഫ് സെക്രട്ടറി ആരോപിച്ചു.
കായല്‍പട്ടിണം നഗരസഭയില്‍ മാത്രം 115 സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ രണ്ട് ദിവസത്തില്‍ ലഭിച്ചത്. എന്നാല്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഇവിടെ ശക്തമായ മഴ മാത്രമാണ് പ്രവചിച്ചിരുന്നത്.

നിലവില്‍ 1400 ഓളം സന്നദ്ധ പ്രവര്‍ത്തകരും സൈനികരും നേവി, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരികയാണ്.

160 ദുരിതാശ്വാസ ക്യാമ്പുകളിലായി 17000ല്‍ അധികം ആളുകളാണ് ഇപ്പോള്‍ കഴിയുന്നത്. ഇവര്‍ക്ക് 34000 ഭക്ഷണപൊതികള്‍ നല്‍കിയിട്ടുണ്ട്. അതേ സമയം, ഇനിയും വെള്ളമിറങ്ങാത്ത നിരവധി ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒമ്പത് ഹെലികോപ്റ്ററുകളാണ് ഉള്ളത്. കന്യാകുമാരി, തെങ്കാശി ജില്ലകളില്‍ വൈദ്യുതി ബന്ധം ഏറെക്കുറെ പൂര്‍ണമായി പുനസ്ഥാപിക്കാനായി. എന്നാല്‍ തൂത്തുക്കുടിയിലും തിരുനല്‍വേലിയിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കുറച്ച് ദിവസം കൂടെയെങ്കിലും കുറഞ്ഞത് എടുക്കുമെന്നാണ് സൂചന. നിലവില്‍ 40 ശതമാനം മാത്രമേ വൈദ്യുതി ഈ പ്രദേശങ്ങളില്‍ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുള്ളു.

സ്ഥലത്തെ മുക്കുവരുടെ നേതൃത്വത്തിലുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ട്. മത്സ്യബന്ധനം നടത്തുന്ന ഏകദേശം 300ല്‍ അധികം ബോട്ടുകളാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.