ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ രണ്ട് പേരെ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകന്‍ സായി കൃഷ്ണയാണ് ഇവരില്‍ ഒരാള്‍. ഇന്നലെ രാത്രി 10 മണിയോടെ ബാഗല്‍കോട്ടിലെ വീട്ടില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെത്തിച്ചു. ഡിസംബര്‍ 13 ന് ലോക്സഭാ ചേംബറില്‍ കയറുകയും കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള വാതകം പുറന്തള്ളാന്‍ ശ്രമിക്കുകയും ചെയ്ത പാര്‍ലമെന്റ് നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളായ മനോരഞ്ജന്റെ സുഹൃത്താണ് ടെക്കിയായ സായ് കൃഷ്ണ.
ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം ഇപ്പോള്‍ കുറ്റം ചുമത്തപ്പെട്ട നാല് പ്രതികളില്‍ മനോരഞ്ജനും ഉള്‍പ്പെടുന്നു. ബംഗളൂരുവിലെ എഞ്ചിനീയറിങ് കോളജിലെ സഹപാഠികളായിരുന്നു സായി കൃഷ്ണയും മനോരഞ്ജനും.
ഉത്തര്‍പ്രദേശിലെ ജലൗണ്‍ സ്വദേശി അതുല്‍ കുല്‍ശ്രേഷ്ഠയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റൊരാള്‍. 'ബച്ച' എന്നറിയപ്പെടുന്ന അതുലിന് മുന്‍കാല ക്രിമിനല്‍ രേഖകളോ രാഷ്ട്രീയ ബന്ധമോ ഇല്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥി ജീവിതം മുതല്‍ ഷഹീദ് ഭഗത് സിങിന്റെ പ്രത്യയ ശാസ്ത്രത്തില്‍ അഭിനിവേശമുള്ളയാളായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പാര്‍ലമെന്റ് നുഴഞ്ഞു കയറ്റക്കാരുമായി ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെയും ഡല്‍ഹി പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഭഗത് സിങ് ഫാന്‍സ് ക്ലബ്ബുമായി ബന്ധമുള്ള അതുല്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയും കര്‍ഷക സമരത്തിലും പങ്കെടുക്കുകയും ചെയ്തിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അതുലിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതികരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതുലിന് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
പാര്‍ലമെന്റ് അതിക്രമ കേസില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. ലോക്‌സഭയില്‍ അതിക്രമിച്ച് കയറിയ മനോരഞ്ജന്‍, സാഗര്‍ ശര്‍മ, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച അമോല്‍ ഷിന്‍ഡെ, നീലം ആസാദ് എന്നിവരും പദ്ധതിയുടെ ആസൂത്രകനെന്ന് കരുതുന്ന ലളിത് ഝാ, ഝായെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മഹേഷ് കുമാവത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.