പ്രവാസികളോട് കരുതല്‍; നാട്ടിലുള്ളവരുടെ പെന്‍ഷന്‍ 3000 രൂപയാക്കി

പ്രവാസികളോട് കരുതല്‍;  നാട്ടിലുള്ളവരുടെ പെന്‍ഷന്‍ 3000 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ച് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദേശത്ത് ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവര്‍ക്ക് 3500 രൂപ പെന്‍ഷന്‍ അനുവദിക്കും. ജോലി മതിയാക്കി നാട്ടില്‍ എത്തിയവര്‍ക്ക് 200 രൂപയാണ് അംശാദായം. ഇവരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചു.

മൂന്നരലക്ഷം കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തും. 30 മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തോമസ് ഐസക് പറഞ്ഞു. ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തുമെന്നും. 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലാണ് തൊഴിവസരങ്ങള്‍ സൃഷ്ടിക്കുക. ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം കേരളത്തില്‍ ഉറപ്പാക്കുമെന്നും തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. കെ- ഡിസ്‌ക് പുനസംഘടിപ്പിക്കും. നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍ക്ക്‌ ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസ നടപടി. റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരളത്തിന്റെയും സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും നാളികേരത്തിന്റെ 32 രൂപയാക്കിയുമാണ് ഉയര്‍ത്തിയത്. വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കും.എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ ക്ഷേമ പെന്‍ഷന്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.