താരങ്ങളുടെ പ്രതിഷേധം ഫലം കണ്ടു; പുതിയ ഗുസ്തി ഭരണ സമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

താരങ്ങളുടെ  പ്രതിഷേധം ഫലം കണ്ടു; പുതിയ ഗുസ്തി ഭരണ സമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും മുന്‍ അധ്യക്ഷനുമായി ബ്രിജ്ഭൂഷന്‍ ശരണ്‍ സിങിന്റെ സഹായി സഞ്ജയ് സിങിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ സമിതി കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്. ഫെഡറേഷന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായായിരുന്നു തീരുമാനങ്ങളെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

നിലവിലെ നേതൃത്വം പഴയ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പിരിച്ചുവിടാനുള്ള കാരണമായി പറയുന്നു. ഇത് സ്പോര്‍ട്സ് കോഡിന്റെ ലംഘനമാണ്.

മുന്‍ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്ന ഇടങ്ങളാണ് ഇതെന്നും ഇക്കാര്യം നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കായിക മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ സാക്ഷി മാലിക് സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബജ്രംഗ് പൂനിയ പത്മശ്രീ തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താരങ്ങളുടെ ഇത്തരത്തിലുള്ള പ്രതിക്ഷേധം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പുതിയ ഭരണ സമിതിക്കെതിരായ സുപ്രധാന തീരുമാനത്തിന് പിന്നിലെ പ്രധാന കാരണവും ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.