കേരളത്തില്‍ ക്രിസ്തുമസ് ഗാനങ്ങളും കേക്കുകളുമായി ബിജെപി നേതാക്കള്‍; മധ്യപ്രദേശില്‍ വിരുദ്ധ നിലപാട്

കേരളത്തില്‍ ക്രിസ്തുമസ് ഗാനങ്ങളും കേക്കുകളുമായി ബിജെപി നേതാക്കള്‍; മധ്യപ്രദേശില്‍ വിരുദ്ധ നിലപാട്

കൊച്ചി: കേരളത്തില്‍ ക്രിസ്തുമസ് ഗാനങ്ങളും കേക്കുകളുമായി ബിജെപി നേതാക്കള്‍ പള്ളി മേടകളും ക്രൈസ്തവ ഭവനങ്ങളും കയറിയിറങ്ങുമ്പോള്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ക്രിസ്തുമസ് വിരുദ്ധ നിലപാടുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ബിജെപി അനുകൂല ഹിന്ദുത്വ സംഘടനയായ സംസ്‌കൃതി ബച്ചാവോ മഞ്ചും.

മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുതെന്ന് മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിവേക് ദുബെ സര്‍ക്കുലര്‍ ഇറക്കി.

മാതാപിതാക്കളുടെ അനുമതിയില്ലാതെ ക്രിസ്തുമസുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വിവേക് ദുബെയുടെ സര്‍ക്കുലറില്‍ പറയുന്നു. കളികള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വേണ്ടി സാന്താക്ലോസിന്റെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് സംസ്‌കൃതി ബച്ചാവോ മഞ്ച് സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളെ സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ അനുവദിക്കരുതെന്നാണ് സംഘടന സ്‌കൂളുകളോട് ആവശ്യപ്പെട്ടത്.

സ്‌കൂളുകളിലെ ക്രിസ്തുമസ് അവധിക്കെതിരെയും സംഘടന രംഗത്ത് എത്തി. ദീപാവലിക്ക് രണ്ട് ദിവസത്തെ അവധി മാത്രമേ അനുവദിക്കുന്നുള്ളുവെന്നും ക്രിസ്തുമസിന് പത്ത് ദിവസം അവധി നല്‍കുന്നെന്നും സംഘടനയുടെ പ്രസിഡന്റ് ആരോപിച്ചു.

മാതാപിതാക്കളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളോട് സാന്താക്ലോസിന്റെ വേഷം ധരിക്കാനോ ക്രിസ്മസ് അലങ്കാരങ്ങള്‍ കൊണ്ടുവരാനോ ആവശ്യപ്പെടരുതെന്ന് 2022 ല്‍ വിഎച്ച്പി സ്‌കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും ഹിന്ദു കുട്ടികളെ ക്രിസ്തു മതത്തിലേക്ക് സ്വാധീനിക്കാനുള്ള ഗൂഢാലോചന ആണെന്നുമായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.