പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷം: മത മേലധ്യക്ഷന്‍മാര്‍ക്ക് വിരുന്ന്; കേരളത്തില്‍ ക്രൈസ്തവ ഭവന സന്ദര്‍ശനവുമായി ബിജെപി

പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷം: മത മേലധ്യക്ഷന്‍മാര്‍ക്ക് വിരുന്ന്; കേരളത്തില്‍ ക്രൈസ്തവ ഭവന സന്ദര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷം. ഇന്നുച്ചയ്ക്ക് 12.30 നാണ് ആഘോഷം. തുടര്‍ന്ന് വിരുന്നും നല്‍കും.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ബിഷപ്പുമാര്‍, പ്രവാസി വ്യവസായികള്‍ അടക്കം അമ്പതോളം പേരെ ക്ഷണിച്ചിട്ടുണ്ട്. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും ക്ഷണിക്കപ്പെട്ടവരിലുണ്ട്.  ആദ്യമായാണ് നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിയില്‍ ഇത്ര വിപുലമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ഇത്തവണ ഔദ്യോഗിക വസതിയിലെ ആഘോഷം. ലോക്സഭാ സ്പീക്കറുടെയും രാജ്യസഭാ അധ്യക്ഷന്റെയും ആതിഥേയത്വത്തില്‍ പാര്‍ലമെന്റില്‍ ആഘോഷിക്കാന്‍ ആലോചിച്ചെങ്കിലും സുരക്ഷാവീഴ്ചാ സംഭവത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉടനീളം സ്‌നേഹയാത്ര നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ക്രിസ്തുമസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി.വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി.

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശവുമായി 21 ന് ആരംഭിച്ച ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.