കാനഡയില്‍ ജോലി വിസ വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്ന് 17 ലക്ഷം തട്ടി; നൈജീരിയക്കാരന്‍ ബംഗളൂരുവില്‍ പിടിയില്‍

കാനഡയില്‍ ജോലി വിസ വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്ന് 17 ലക്ഷം തട്ടി; നൈജീരിയക്കാരന്‍ ബംഗളൂരുവില്‍ പിടിയില്‍

കല്‍പ്പറ്റ: കാനഡയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പിടികൂടിയത്.

ഒരു വെബ്‌സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. മെഡിക്കല്‍ കോഡിങ് ജോലിക്കായി കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു.

കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്സാപ്പും ഇ-മെയിലും വഴിയാണ് മോസസ് പെണ്‍കുട്ടിയെ ബന്ധപ്പെട്ടത്. വിശ്വസിപ്പിക്കാനായി എമിഗ്രേഷന്‍ സൈറ്റില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്തു. വിമാന ടിക്കറ്റും ബുക്കു ചെയ്തു.

ഇതേ തുടര്‍ന്ന് 17 ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ അക്കൗണ്ടിലേക്ക് മാറ്റിയ ആറ് ലക്ഷം രൂപ പൊലീസ് തിരിച്ച ുപിടിച്ചു.

നൈജീരിയന്‍ അക്കൗണ്ടിലേക്കാണ് ബാക്കി 11 ലക്ഷം മാറ്റിയിരിക്കുന്നത്. ഇയാള്‍ വാട്‌സാപ്പ് ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

2014 മുതല്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ഇയാള്‍ അവിടെ ഡി.ജെ പാര്‍ട്ടികള്‍ നടത്തി വന്നിരുന്നു. മാസത്തില്‍ ഒറ്റത്തവണയാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുക. ബാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് തന്നെയാണ് ഇയാളുടെ ജോലി.

വര്‍ഷങ്ങളായി ഇയാള്‍ തട്ടിപ്പു നടത്തി വരികയാണെന്ന് എസ്പി പറഞ്ഞു. പ്രതിയുടെ കൈയില്‍ നിന്ന് 15 വ്യാജ സിംകാര്‍ഡുകള്‍, രണ്ട് ലാപ്‌ടോപ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.