ഇസ്ലാമാബാദ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ ഹിന്ദു വനിതയും. ബുനര്‍ ജില്ലയില്‍ നിന്നുള്ള സവീര പര്‍കാശ് ആണ് ഫെബ്രുവരി എട്ടിന് നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രമുഖ പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ സീറ്റിലേക്കു മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് സവീര പര്‍കാശ്.
ബുണര്‍ ജില്ലയിലെ പികെ 25ന്റെ ജനറല്‍ സീറ്റിലേക്കാണ് സവീരാ പര്‍കാശ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) അംഗമായ പിതാവ് ഓം പര്‍കാശിന്റെ പാത പിന്തുടര്‍ന്നാണ് സവീര രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിതാവിന്റെ പിന്തുണയും സാന്നിധ്യവുമുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കീഴില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാനുമെന്ന പ്രതീക്ഷയിലാണ് സവീര.
കാലങ്ങളായി പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന സ്ത്രീകളോടുള്ള അവഗണനയും വികസന മേഖലകളിലും മറ്റിടങ്ങളിലുമെല്ലാം അവര്‍ അനുഭവിക്കേണ്ടി വരുന്ന അടിച്ചമര്‍ത്തലുകളെ ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ഡോണിന് നല്‍കിയ അഭിമുഖത്തില്‍ സവീര വ്യക്തമാക്കി.
നിലവില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് സവീര പര്‍കാശ്. 2022ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ ഇവര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പാക്കാനും അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.
പിപിപിയുടെ മുതിര്‍ന്ന നേതൃത്വം തന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സവീര പറഞ്ഞു.
2018 ജൂലൈ 25നു നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സുനിത പമാര്‍ എന്ന ഹിന്ദു വനിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ചരിത്രത്തിലിടം നേടിയിരുന്നു. പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു സുനിത. പാകിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് മണ്ഡലത്തില്‍ നിന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുനിത അന്ന് മത്സരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.