നൈജീരിയയില്‍ വീണ്ടും കൂട്ടക്കുരുതി; സായുധ സംഘങ്ങള്‍ 160 ലേറെ പേരെ വധിച്ചു: സംഘര്‍ഷം രൂക്ഷം

നൈജീരിയയില്‍ വീണ്ടും കൂട്ടക്കുരുതി; സായുധ സംഘങ്ങള്‍ 160 ലേറെ പേരെ വധിച്ചു: സംഘര്‍ഷം രൂക്ഷം

അബൂജ: ക്രിസ്തുമസിനു മുന്നോടിയായി മധ്യ നൈജീരിയയിലെ വിവിധ ഗ്രാമങ്ങളില്‍ സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 160 പേരോളം കൊല്ലപ്പെട്ടു. പ്രദേശത്ത് തുടരുന്ന വംശീയ കലാപങ്ങളുടെ തുടര്‍ച്ചയായാണ് കൂട്ടക്കുരുതിയെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ പതിനാറ് പേര്‍ മരിച്ചെന്നായിരുന്നു സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. പിന്നീടാണ് ഞെട്ടിക്കുന്ന മരണസംഖ്യ പുറത്തുവന്നത്. പരിക്കേറ്റ 300-ലധികം ആളുകളെ വിവിധ ആശുപത്രികളിലേക്കു മാറ്റി.

സായുധ സംഘങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി നിരവധി പ്രദേശവാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

വംശീയവും മതപരവുമായി ഏറെ വൈവിധ്യമുള്ള ജനതയാണ് മധ്യ നൈജീരിയയില്‍ കഴിയുന്നത്. മുസ്ലീം ഇടയന്മാരുടെ ആക്രമണത്തില്‍ ക്രിസ്ത്യന്‍ കര്‍ഷകര്‍ കൊല്ലപ്പെടുന്നതും ഇവരുടെ ഭൂമി കൊള്ളയടിക്കുന്നതും പതിവു സംഭവമായി മാറിയിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ദാരിദ്ര്യവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളും കാര്‍ഷിക വൃത്തി ഉപജീവനമാക്കിയ ജനതയ്ക്ക് തിരിച്ചടിയായി. ഇത് വംശീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി.

ഇതിന്റെ ഫലമായി നൂറുകണക്കിന് ജീവനുകളാണ് ഇവിടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിന് പിന്നാലെ നൈജീരിയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തുന്നൃു. ഈ മാസം ആദ്യം മതപരമായ ചടങ്ങിനിടെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു.

നിരപരാധികളായ നാട്ടുകാര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

യുഎന്നിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2009 മുതല്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളുടെ ഫലമായി നൈജീരിയയില്‍ 40,000ത്തിലധികം പേരുടെ മരണവും 20 ലക്ഷം പേരുടെ പലായനവും സംഭവിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.