ഷെന്‍ ഹുവ 15 ഇന്ന് വീണ്ടും വിഴിഞ്ഞത്ത്; തുറമുഖത്തേക്ക് ക്രെയ്‌നുകളുമായി എത്തുന്ന നാലാമത്തെ കപ്പല്‍

 ഷെന്‍ ഹുവ 15 ഇന്ന് വീണ്ടും വിഴിഞ്ഞത്ത്; തുറമുഖത്തേക്ക് ക്രെയ്‌നുകളുമായി എത്തുന്ന നാലാമത്തെ കപ്പല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയ്‌നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15 ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

ഇന്ന് രാവിലെ പതിനൊന്നോടെ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും. ഈ ക്രെയിനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകള്‍ എത്തിക്കുക.

2023 ഒക്ടോബര്‍ 12 നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടത്. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നര മാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പല്‍ എത്തുന്നതിന്റെ ഭാഗമായ് വമ്പന്‍ ആഘോഷ പരിപാടികളണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഓഗസ്റ്റ് 31 ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് 40 ദിവസത്തിന് ശേഷം വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. കണ്ടെയ്‌നറുകള്‍ നീക്കുന്നതിനുള്ള മൂന്ന് വലിയ ക്രെയിനുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്നുകളാണ് ഈ കപ്പലില്‍ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.