ന്യൂഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അയോധ്യ സന്ദര്‍ശിക്കും. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളവും അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും അദേഹം ഉദ്ഘാടനം ചെയ്യും. ശേഷം 15,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും.
എക്സിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ജനുവരി 22 നാണ് അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.
ലോകോത്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് അയോധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവിടെ പുതുതായി നിര്‍മിച്ച വിമാനത്താവളവും പുതുക്കിയ റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോധ്യയും യുപിയും ഉള്‍പ്പെടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലുമുള്ള തന്റെ കുടുംബാംഗങ്ങളുടെ ജീവിതം സുഗമമാക്കുന്നതിന് വേണ്ടിയുള്ള വികസന പദ്ധതികളും പ്രഖ്യാപിക്കുമെന്ന് മോഡി എക്‌സില്‍ കുറിച്ചു.
രാവിലെ 11.15 നാണ് 240 കോടി ചെലവഴിച്ച് പുതുക്കിയ റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം. 12.15ന് 1450 കോടി ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ മോദിയുടെ 16 കിലോമീറ്റര്‍ റോഡ് ഷോയും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന പൊതുപരിപാടിയിലാണ് വികസന പദ്ധതികള്‍ പ്രഖ്യാപിക്കുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അയോദ്ധ്യ നഗരം മുഴുവന്‍ ഇതിനോടകം അലങ്കരിച്ചു കഴിഞ്ഞു. നിരോധിത ഖലിസ്ഥാന്‍ സംഘടനാ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നു മോഡിയെ റോഡ്‌ഷോക്കിടെ ആക്രമിക്കുമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അയോധ്യയില്‍ വിവിധ സേനാ വിഭാഗങ്ങളെയടക്കം വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.