പുതുവത്സരാഘോഷത്തിനൊരുങ്ങി രാജ്യം: പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷ; മുംബൈയില്‍ ബോംബ് ഭീഷണി

പുതുവത്സരാഘോഷത്തിനൊരുങ്ങി രാജ്യം: പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷ; മുംബൈയില്‍ ബോംബ് ഭീഷണി

മുംബൈ: പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. അനിഷ്ട സംഭവങ്ങളും ട്രാഫിക്ക് പ്രശ്നങ്ങളും ഒഴിവാക്കി പരിപാടികളും ആഘോഷങ്ങളും സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കനത്ത മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലാണ് പ്രാധാനമായും സുരക്ഷ ഒരുക്കുന്നത്. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

അജ്ഞാതന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അഞ്ജാതന്റെ ഭീഷണി. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ശനിയാഴ്ച വൈകുന്നേരമാണ് ഫോണ്‍ സന്ദേശം എത്തിയത്.

മുംബൈയില്‍ ഒരു സ്ഫോടനം ഉണ്ടാകുമെന്ന് മാത്രം പറഞ്ഞ് അഞ്ജാതന്‍ ഫോണ്‍ വെച്ചതായാണ് വിവരം. ഇതിനുശേഷം നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഡല്‍ഹിയില്‍ 1000 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 2500 ഉദ്യോഗസ്ഥരെ 250 ടീമുകളായും ് വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ തുടങ്ങും.

ബെംഗുളുരുവില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഈ ആഴ്ച ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. മദ്യപിച്ചു വണ്ടിയോടിക്കുന്നവരെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെയും കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന എംജി റോഡ്, റെസിഡന്‍സി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ വരെ വാഹനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഹോട്ടല്‍, ക്ലബ്, പബ്ബ് എന്നിവിടങ്ങളിലെ പാര്‍ട്ടികള്‍ രാത്രി ഒരു മണിക്ക് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടികളില്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷിക്കണം.

ചെന്നൈയില്‍ ഇന്ന് വൈകുന്നേരം മുതല്‍ തിങ്കളാഴ്ച വരെ കടലില്‍ ഇറങ്ങരുതെന്ന് സിറ്റി പോലീസിന്റെ നിര്‍ദേശമുണ്ട്. കരിമരുന്ന് പ്രയോഗത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 18,000 ഉദ്യോഗസ്ഥരെയാണ് ചെന്നൈയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വാഹന പരിശോധനയ്ക്കായി 420 പോലീസ് സംഘങ്ങളെയും വിന്യസിക്കും. ഓരോ സംഘത്തിലും അഞ്ച് മുതല്‍ പത്ത് പോലീസുകാരുണ്ടാകും.

ഹൈദരാബാദിലെ പബ്ബുകളിലും പാര്‍ട്ടികളിലും പോലീസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുന്നുണ്ട്. ലഹരി ഉപയോഗം കണ്ടെത്താനായി പ്രത്യേത ഡ്രഗ് കിറ്റും ഉപയോഗിക്കും. ലഹരി മരുന്ന് ഉപയോഗിക്കുകയോ വില്‍പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും തെലങ്കാന പോലീസ് അറിയിച്ചു.

ശനിയാഴ്ച മഹാരാഷ്ട്രയില്‍ പാര്‍ട്ടി നടന്ന സ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡില്‍ നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് എണ്‍പതോളം പേരെ അറസ്റ്റ്ചെയ്തിരുന്നു. താനെയില്‍ വടവല്ലി ക്രീക്കിനടുത്തുള്ള ഉള്‍പ്രദേശങ്ങളിലെ തുറന്ന സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടയാണ് ഇവരെ പിടികൂടിയത്. എല്‍എസ്ഡി അടക്കമുള്ള മയക്കുമരുന്നുകളും പോലീസ് ഇവരുടെ പക്കല്‍നിന്നും പിടികൂടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.