സ്‌കൂള്‍ കലോല്‍സവം: നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

സ്‌കൂള്‍ കലോല്‍സവം: നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

തിരുവനന്തപുരം: ജനുവരി നാല് മുതല്‍ എട്ട് വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനായുള്ള 'ഉല്‍സവം' മൊബൈല്‍ ആപ്പ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE Ulsavam' ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സരഫലങ്ങള്‍ക്ക് പുറമേ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങളും അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

www.ulsavam.kite.kerala.gov.in വഴി രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിങും ഉള്‍പ്പെടെ ഓണ്‍ലൈന്‍ രൂപത്തിലാക്കിയിട്ടുണ്ട്. മത്സരാര്‍ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, യഥാസമയം മത്സരം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍, ലോവര്‍- ഹയര്‍ അപ്പീല്‍ നടപടി ക്രമങ്ങള്‍ തുടങ്ങിയവ പോര്‍ട്ടല്‍ വഴിയായിരിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ അധികാരികത ക്യൂ.ആര്‍.കോഡ് വഴി ഉറപ്പാക്കാനും ഡി.ജി ലോക്കര്‍ വഴി ലഭ്യമാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്.

കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂള്‍ വിക്കിയില്‍ ലഭിക്കും.

മത്സര ഫലങ്ങള്‍ക്കൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്‌സില്‍ തത്സമയം നല്‍കും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ ലൈവായും കാണുവാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.