സന: ചെങ്കടലില്‍ വീണ്ടും ഹൂതി വിമതരുടെ ആക്രമണം. സിങ്കപ്പൂരിന്റെ പതാകയുള്ള ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുള്ള കണ്ടെയ്നര്‍ ഷിപ്പിന് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് അമേരിക്കന്‍ നാവിക സേന ശക്തമായ തിരിച്ചടി നല്‍കി. ഹൂതികളുടെ മൂന്ന് ബോട്ടുകള്‍ തങ്ങളുടെ ആക്രമണത്തില്‍ തകര്‍ത്തുവെന്ന് അമേരിക്കന്‍ സൈന്യം പറഞ്ഞു. യു.എസ് ഹെലികോപ്ടറിന് നേരെ ഹൂതികള്‍ വെടിയുതിര്‍ത്തപ്പോള്‍ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് തിരിച്ചടിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂതികളെത്തിയത്. ഇതില്‍ മൂന്ന് ബോട്ടുകളാണ് തകര്‍ത്തത്. നാലാമത്തെ ബോട്ട് രക്ഷപ്പെട്ടുവെന്നും യു.എസ് കമാന്‍ഡ് അറിയിച്ചു. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും യു.എസ് കമാന്‍ഡ് വ്യക്തമാക്കി.
ഹൂതി നിയന്ത്രണ മേഖലയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ കപ്പലില്‍ പതിച്ചിരുന്നു. ഗാസയിലെ പാലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കുന്നത്. 24 മണിക്കൂറിനിടെ ചെങ്കടലില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടാകുന്നത്.
ആഗോള വ്യാപാരത്തിന്റെ 12 ശതമാനത്തോളം വരുന്ന ചരക്കുകള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. ഹൂതികള്‍ ഇതിന് ഭീഷണി ഉയര്‍ത്തിയതോടെയാണ് അമേരിക്കന്‍ നാവിക സേന ഹൂതികളെ നേരിടാന്‍
രംഗത്തിറങ്ങിയത്. ഇറാന്റെ പിന്തുണയോടെയാണ് ഇത്തരം വിമത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.