ജപ്പാനില്‍ ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങള്‍; സുനാമി മുന്നറിയിപ്പ്, റഷ്യയിലും കൊറിയയിലും ജാഗ്രതാ നിര്‍ദേശം, കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

ജപ്പാനില്‍ ഒന്നര മണിക്കൂറിനിടെ 21 ഭൂചലനങ്ങള്‍; സുനാമി മുന്നറിയിപ്പ്, റഷ്യയിലും കൊറിയയിലും ജാഗ്രതാ നിര്‍ദേശം,  കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

ടോക്യോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് അഞ്ച് അടിയോളം ഉയരമുള്ള സുനാമി തിരമാലകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം ഉണ്ടായത്. രണ്ട് ദിവസം തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

പ്രാദേശിക സമയം വൈകുന്നേരം 4.06 ന് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തോടെയാണ് ഭൂകമ്പ പരമ്പര ആരംഭിച്ചത്. പിന്നീട് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളടക്കം ഒന്നര മണിക്കൂറിനിടെ 21 ചലനങ്ങളാണുണ്ടായത്. നിരവധി വീടുകള്‍ തകരുകയും റോഡുകളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തു.

ഭൂകമ്പമുണ്ടായ ഇഷികാവയിലെ നോട്ടോ പ്രഭവ കേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.


ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയ, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പരുകള്‍. [email protected], [email protected] എന്നീ ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാം.

ഭൂചലനത്തെ തുടര്‍ന്ന് 34,000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രഭവ കേന്ദ്രത്തിന് സമീപമുള്ള മധ്യ ജപ്പാനിലെ നിരവധി പ്രധാന ഹൈവേകള്‍ അടച്ചു. ഇഷികാവയിലും നിഗറ്റയിലും ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. മേഖലയിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സുനാമി മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താനും മനുഷ്യ ജീവന്‍ രക്ഷിക്കാനും സുനാമി തിരമാലകള്‍ ഉണ്ടായ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാനും മുന്‍ഗണന നല്‍കുന്നതിന് പ്രാദേശിക സര്‍ക്കാരുകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.