തൊഴിലാളി ക്ഷേമനിധി തട്ടിപ്പ്: നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന് തടവ് ശിക്ഷ

 തൊഴിലാളി ക്ഷേമനിധി തട്ടിപ്പ്: നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിന് തടവ് ശിക്ഷ

ധാക്ക: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് ബംഗ്ലാദേശിലെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മുഹമ്മദ് യൂനസിനെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. അദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിലൊന്നായ ഗ്രാമീണ്‍ ടെലികോമില്‍ തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കമ്പനിയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് യൂനസും മൂന്ന് സഹപ്രവര്‍ത്തകരും നടപടി നേരിടുകയായിരുന്നു.

നിയമം ലംഘിച്ചതിന് ഗ്രാമീണ്‍ ടെലികോം ചെയര്‍മാനെന്ന നിലയില്‍ മുഹമ്മദ് യൂനുസും മറ്റ് ഉത്തരവാദിത്തപ്പെട്ട മൂന്ന് എക്‌സിക്യൂട്ടീവുകളും ആറ് മാസത്തെ തടവ് അനുഭവിക്കാന്‍ ലേബര്‍ കോടതി ജഡ്ജി ഷെയ്ഖ് മെറീന സുല്‍ത്താന ഉത്തരവിട്ടു. കൂടാതെ ഓരോരുത്തര്‍ക്കും 25,000 ടാക്ക (227.82 ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്. വീഴ്ച വരുത്തിയാല്‍ അവര്‍ പത്ത് ദിവസം കൂടി ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.

വിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ യൂനുസും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ജാമ്യം തേടി. ഇവര്‍ക്ക് 5,000 ടാക്ക ബോണ്ടില്‍ ഒരു മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചു. നിയമപ്രകാരം നാല് പേര്‍ക്കും വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. ജനുവരി ഏഴിന് ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി.

83 കാരനായ മുഹമ്മദ് യൂനുസ് 2006 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിരുന്നു. 1983 ല്‍ അദേഹം സ്ഥാപിച്ച ഗ്രാമീണ്‍ ബാങ്കിലൂടെ ബംഗ്ലാദേശ് ഹോം ഓഫ് ദി മൈക്രോ ക്രെഡിറ്റ് എന്ന ഖ്യാതി നേടി. ഗ്രാമീണ്‍ ബാങ്കിന്റെ തലപ്പത്തിരിക്കെ പാവപ്പെട്ട ഗ്രാമീണ സ്ത്രീകളില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാന്‍ ബലപ്രയോഗവും മറ്റ് മാര്‍ഗങ്ങളും ഉപയോഗിക്കുകയും ചെയ്തുവെന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമവും പണം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങള്‍ യൂനുസ് നേരിടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.