സോള്‍: വാര്‍ത്താ സമ്മേളനത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജെയ്-മ്യുങ്ങിന് നേരെ ആക്രമണം. ദക്ഷിണ പൂര്‍വ തുറമുഖ നഗരമായ ബുസാനില്‍ വച്ചാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ കഴുത്തിന്റെ ഇടതു ഭാഗത്തായി കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു അക്രമി. പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം. അക്രമിയെ സംഭവ സ്ഥലത്ത് തന്നെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.
ബുസാനിലെ പുതിയ വിമാനത്താവള നിര്‍മ്മാണം വിലയിരുത്താനെത്തിയതായിരുന്നു രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ലീ. ആക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹത്തിന് ബോധം നഷ്ടമായിരുന്നില്ല. എന്നാല്‍ നന്നായി രക്തം ഒഴുകുന്നുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട് ഇരുപത് മിനിറ്റിന് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അക്രമിയെ അപ്പോള്‍ തന്നെ പിടികൂടി. ഓട്ടോഗ്രാഫ് വാങ്ങാനെന്ന വ്യജേനയെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്. മുപ്പത് സെന്റീമീറ്ററോളം നീളമുള്ള മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് മുറിവേല്‍പ്പിച്ചത്. നിലത്ത് കിടക്കുന്ന ലീയുടെ കഴുത്തില്‍ നിന്നുള്ള രക്തപ്രവാഹം നില്‍ക്കാന്‍ ആളുകള്‍ ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
നാഷണല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ലീയെ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള ലീയുടെ ആരോഗ്യ നില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സക്ക് യോള്‍ ആശങ്ക പ്രകടിപ്പിച്ചു. ഏത് സാഹചര്യത്തിലായാലും ഇത്തരം ആക്രമണങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കൊറിയയില്‍ നേതാക്കള്‍ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല. 2022ല്‍ ലീ ജേയ് മ്യുങിന്റെ മുന്‍ഗാമി സോങ് യങ് ഗില്ലും ഇത്തരത്തില്‍ അജ്ഞാതന്റെ ആക്രമണം നേരിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.