'ജെസ്ന എവിടെയെന്ന് സിബിഐ കണ്ടെത്തും; കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം': പ്രതീക്ഷ പങ്കുവച്ച് മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി

'ജെസ്ന എവിടെയെന്ന് സിബിഐ കണ്ടെത്തും; കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം': പ്രതീക്ഷ പങ്കുവച്ച് മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ജെസ്ന എവിടെയെന്ന് സിബിഐ കണ്ടെത്തുമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമാണ്. അന്വേഷണ സമയത്ത് ലീഡുകള്‍ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.

അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തമായ ഒരു ലീഡ് കിട്ടിയിരുന്നു. അതുവെച്ച് അന്വേഷണം തുടര്‍ന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയത്താണ് കോവിഡ് വരുന്നത്.

അന്വേഷണ സംഘത്തിന് പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാല്‍ പിന്നീട് ഒന്നര വര്‍ഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. അതോടെ അന്വേഷണം മുന്നോട്ട് പോകാത്ത അവസ്ഥയിലായി. ഈ സമയത്ത് ജെസ്‌നയുടെ കുടുംബം കോടതിയില്‍ പോവുകയും കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

സിബിഐയെ കുറ്റം പറയാനാകില്ല. ജസ്‌ന ഒരു മരീചികയല്ല. ഈ പ്രപഞ്ചത്തില്‍ ജീവിച്ചിരിക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ജസ്‌നയെ സിബിഐ കണ്ടെത്തും. രാജ്യത്ത് ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമാണ്.

ഒരു കേസ് വളരെ നാളുകളോളം അന്വേഷിക്കുമ്പോള്‍ കൃത്യമായ ലീഡില്ലെങ്കില്‍ താല്‍ക്കാലികമായി ക്ലോഷര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ കൊടുക്കും. എന്നെങ്കിലും ഒരു സൂചന ലഭിക്കുകയാണെങ്കില്‍ സിബിഐയ്ക്ക് അന്വേഷിക്കാന്‍ സാധിക്കും. നിരാശരാകേണ്ട കാര്യമില്ല. കേസ് പൂര്‍ണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ല. സിബിഐയില്‍ പൂര്‍ണവിശ്വാസം ഉണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.

സംഭവത്തില്‍ മതപരിവര്‍ത്തനം നടന്നു എന്ന് പറഞ്ഞാല്‍ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

അതേസമയം ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്ന് പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. ഇതിനായി നിയമോപദേശം തേടും. ജെസ്നയെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് അവസാനിപ്പിച്ചതായി സിബിഐ പറയുന്നതില്‍ നിരാശയുണ്ട്. സൂചനകള്‍ കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ പ്രതീക്ഷയുമുണ്ടെന്ന് അദേഹം പറഞ്ഞു.

ലോക്കല്‍ പോലീസിന്റെ ഗുരുതര വീഴ്ചയാണ് കേസിനെ ബാധിച്ചത്. 15 ദിവസത്തോളം കാര്യമായ അന്വേഷണം നടന്നില്ല. സിസി ടിവി ദൃശ്യങ്ങളടക്കം താനാണ് ശേഖരിച്ച് നല്‍കിയത്. മാധ്യമങ്ങളില്‍ നിരവധി കഥകള്‍ പ്രചരിച്ചത് അന്വേഷണത്തെ ബാധിച്ചു. കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചാരണം നടന്നു.

പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പിസി ജോര്‍ജിനെ പോലുള്ളവരും ഇതില്‍ പങ്കു വഹിച്ചു. തന്നെ നിരവധി തവണ ചോദ്യം ചെയ്തു, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇനിയും സന്നദ്ധനാണ്. ജസ്നയെ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ അവകാശപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജെയിംസ് പറഞ്ഞു.

ജെസ്നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള്ള കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ്-ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്നയെ കാണാതായത്.

മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്ന വീടുവിട്ടിറങ്ങിയത്. കാണാതാകുമ്പോള്‍ ഇരുപതുകാരിയായിരുന്ന ജെസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.