ജപ്പാൻ വിമാന അപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ടവരിൽ 12 ഓസ്ട്രേലിയക്കാരും

ജപ്പാൻ വിമാന അപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ടവരിൽ 12 ഓസ്ട്രേലിയക്കാരും

ടോക്യോ: ജപ്പാനിലെ ഹനേദ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ വിമാന അപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ടവരിൽ 12 ഓസ്ട്രേലിയക്കാരും. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ 12 ഓസ്‌ട്രേലിയക്കാർ ഉണ്ടായിരുന്നു. എന്നാൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പ്രധാന മന്ത്രി ആന്റണി ആൽബനീസ് വാർ‌ത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലെ സപ്പോറോയിലെ ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ നിന്ന് ഹനേദ വിമാനത്താവളത്തിലേക്ക് പ്രദേശിക സമയം ഇന്നലെ വൈകിട്ട് നാലിനാണു വിമാനം പുറപ്പെട്ടത്. ഭൂകമ്പത്തെത്തുടര്‍ന്ന് സഹായം എത്തിക്കുന്നതിനായി ടോക്കിയോയില്‍നിന്ന് ഏകദേശം 257 കിലോമീറ്റര്‍ അകലെയുള്ള നിഗാറ്റയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു കോസ്റ്റ്ഗാര്‍ഡ് വിമാനം. ഹനേദയിലേക്കിറങ്ങിയ വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എയര്‍ബസിന്റെ മുന്‍ഭാഗം തകര്‍ന്നു, എങ്കിലും വലതുവശത്തെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടര്‍ന്നു. അതാണ് പുകവമിക്കുന്ന വിമാനം റണ്‍വേയിലൂടെ തുടര്‍ യാത്ര നടത്താന്‍ കാരണം.

അപകടത്തെ തുടര്‍ന്ന് ഹനേദ വിമാനത്താവളത്തിന്റെ എല്ലാ റണ്‍വേകളും അടച്ചു. വൈകാതെ എയര്‍ബസ് എ -350 വിമാനത്തിലുണ്ടായിരുന്ന 379 യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിച്ചു. അപ്പോഴും വിമാനത്തിന്റെ മധ്യഭാഗത്തു നിന്ന് തീ ഉയര്‍ന്നു തുടങ്ങിയിരുന്നു. 16 വര്‍ഷം പഴക്കമുള്ള ബോംബാര്‍ഡിയര്‍ ഡാഷ് 8 എന്ന കോസ്റ്റ്ഗാര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതിലെ യാത്രക്കാരായ അഞ്ച് പേര്‍ മരിച്ചു.

പുകവമിക്കുന്ന വിമാനം ആശങ്ക പടര്‍ത്തിയപ്പോള്‍ വിമാനത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രാര്‍ഥനകളിലായിരുന്നു യാത്രക്കാര്‍. ദുരന്ത നിമിഷങ്ങള്‍ അവരിലൊരാള്‍ പകര്‍ത്തുകയും ചെയ്തു. ക്യാബിനിനുള്ളില്‍ പുക നിറഞ്ഞതോടെയാണു യാത്രക്കാര്‍ പരിഭ്രാന്തരായത്. ശ്വസിക്കാന്‍ പറ്റുന്ന വായുവിന്റെ അളവ് കുറഞ്ഞുവന്നു. പുകയില്‍നിന്നു രക്ഷപ്പെടാന്‍ പലരും മാസ്‌കുകളും തുണികളും കൊണ്ട് മൂക്കുപൊത്തി. ചിലര്‍ ഭയത്തോടെ കരഞ്ഞു.

ക്യാബിനിലെ പുക നരകതുല്യമായി പടര്‍ന്നു. എവിടേക്കാണ് പോകേണ്ടതെന്നു പോലും അറിയില്ല. കഷ്ടപ്പെട്ട് കണ്ണുതുറന്നു പിടിച്ചു. എമര്‍ജന്‍സി വാതിലുകള്‍ തുറന്നതായി അറിയിപ്പെത്തി. അതിലൂടെ എങ്ങനെയോ പുറത്തെത്തിയെന്ന് യാത്രക്കാരനായ 17 കാരൻ ആന്റണ്‍ ഡീബെ പറഞ്ഞു. തീ അണയ്ക്കാന്‍ 70 ലധികം ഫയര്‍ എന്‍ജിനുകളുടെ സേവനമാണ് തേടിയത്. .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.