പെണ്‍കരുത്തില്‍ എല്‍ബിഎസില്‍ പിറന്നത് പുതു ചരിത്രം

പെണ്‍കരുത്തില്‍ എല്‍ബിഎസില്‍ പിറന്നത് പുതു ചരിത്രം

തിരുവനന്തപുരം: പൂജപ്പുര ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണിലെ വിദ്യാര്‍ഥിനികള്‍ തയാറാക്കിയ വുമണ്‍ എന്‍ജിനിയിറങ് സാറ്റലൈറ്റായ വീസാറ്റ് പുതുവര്‍ഷാരംഭത്തില്‍ ബഹിരാകാശത്തേക്ക് കുതിച്ചത് നമ്മുക്ക് ഏറെ അഭിമാന നിമിഷമായിരുന്നു.

വനിതകളുടെ നേതൃത്വത്തില്‍ രൂപകല്‍പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ഥി ഉപഗ്രഹവുമാണിതെന്നതാണ് പ്രത്യേകത. എല്‍.ബി.എസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ലിസി അബ്രഹാമിന്റെ നേതൃത്വത്തില്‍ 150തില്‍ പരം വിദ്യാര്‍ഥിനികള്‍ ഒത്തൊരുമിച്ച കഴിഞ്ഞ അഞ്ച് വര്‍ഷമായി പരിശ്രമിച്ചതിന്റെ ഫലം കൂടിയാണ് വീസാറ്റ്. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും ആരോഗ്യ അപകടസാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉപഗ്രഹം കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ലിസി അബ്രഹാം പറഞ്ഞു.

പിഎസ്എല്‍വി സി 58 ന്റെ ഭാഗമായായിരുന്നു ഈ ദൗത്യം. ഇന്ത്യയുടെ 60-ാമത് പി.എസ്.എല്‍.വി ദൗത്യത്തെ അടയാളപ്പെടുത്തുന്നതാവും ഈ കുതിപ്പ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

ശ്രീഹരിക്കോട്ടയില്‍ നിന്ന് മറ്റ് ഒമ്പത് ചെറു ഉപഗ്രഹങ്ങള്‍ക്കൊപ്പം വീസാറ്റ് കുതിച്ചുയര്‍ന്നത് കണ്ടപ്പോള്‍ ഇവര്‍ക്കത് അഭിമാന നിമിഷം കൂടിയായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായാണ്
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് വീസാറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥിനികളെ അഭിനന്ദിച്ച് പറഞ്ഞത്.

സ്ത്രീകള്‍ മികവ് പുലര്‍ത്താത്ത മേഖലകള്‍ കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ ഒരു ഉപഗ്രഹം തയാറാക്കുന്നതില്‍ ചുക്കാന്‍ പിടിക്കാന്‍ നമ്മുടെ കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് സാധിച്ചതില്‍ നിറഞ്ഞ ചാരുതാര്‍ഥ്യത്തോടെയാണ് ആ നിമിഷത്തെ കേരളമൊട്ടാകെ വരവേറ്റത്. ബഹിരാകാശത്തേക്ക് ഒരു ചെറു ഉപഗ്രഹം അയക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് പൂജപ്പുര ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്ഥാപനത്തിലെ പെണ്‍പട ഒന്നും അസാധ്യമല്ലെന്ന് കാട്ടിക്കൊടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.