ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി; ഫാ. ഷൈജു കുര്യനെ ചുമതലകളില്‍ നിന്ന് മാറ്റി

ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി; ഫാ. ഷൈജു കുര്യനെ ചുമതലകളില്‍ നിന്ന് മാറ്റി

പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ നടപടി. ഫാ.ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി. വൈദികനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയമിക്കണമെന്നും ഭദ്രാസന കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ആയിരുന്നു ഫാ. ഷൈജു.

ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഭയുടെ അകത്തു നിന്നും പുറത്തു നിന്നും ഭദ്രാസനത്തില്‍ പരാതികള്‍ എത്തി. ഇതിന് പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്.

നിലയ്ക്കല്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി മറ്റൊരു വൈദികനെ ഇന്ന് മുതല്‍ നിയമിക്കുമെന്ന് ഭദ്രാസന കൗണ്‍സില്‍ കൗണ്‍സില്‍ അറിയിച്ചു. വൈദിക സ്ഥാനത്തുള്ളവര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തില്‍ നിന്നോ ഭദ്രാസന അധ്യക്ഷന്റെയോ അനുമതി വാങ്ങേണ്ടതുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.

മറ്റേതെങ്കിലും താല്‍പര്യങ്ങളുടെ പേരില്‍ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്‌ക്കെത്തുന്നത് സഭയുടെ കെട്ടുറപ്പിനെയും അച്ചടക്കത്തേയും ബാധിക്കും. അതിനാല്‍ അത്തരം സമീപനങ്ങളില്‍ നിന്ന് വൈദികര്‍ പിന്മാറണമെന്നും അദേഹം ആവശ്യപ്പെട്ടു.

വിഴുപ്പലക്കല്‍ സംസ്‌ക്കാരം പൗരോഹിത്യത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരും സഭയില്‍ നിന്നും നിര്‍ദേശിക്കുന്നവരും മാത്രം മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് പോകുന്ന രീതി തുടരുന്നതാണ് ഏറ്റവും അഭികാമ്യമെന്നും ഫാ.തോമസ് വര്‍ഗീസ് അമയില്‍ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ വച്ചാണ് ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മോഡിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അംഗത്വം എടുത്തതിന് പിന്നാലെ അദേഹത്തിന്റെ പ്രതികരണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.