ലോക്‌സഭ: സീറ്റ് വിഭജന ചര്‍ച്ചകളില്‍ കാര്യമായ വിട്ടുവീഴ്ച്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; മത്സരിക്കുക 255 മണ്ഡലങ്ങളില്‍

ലോക്‌സഭ: സീറ്റ് വിഭജന ചര്‍ച്ചകളില്‍ കാര്യമായ വിട്ടുവീഴ്ച്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്; മത്സരിക്കുക 255 മണ്ഡലങ്ങളില്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം സുഗമമാക്കുന്നതിന് പമരാവധി വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ്. 255 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 421 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്.

മുന്നണിയിലെ ഘടക കക്ഷികള്‍ക്കായി 166 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നത്. എന്നാല്‍ പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

2019 ല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ, ബിഹാറില്‍ ആര്‍.ജെ.ഡി, മഹാരാഷ്ട്രയില്‍ എന്‍.സി.പി, കര്‍ണാടകയില്‍ ജെ.ഡി.എസ്, ജാര്‍ഖണ്ഡില്‍ ജെ.എം.എം എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. 40 സീറ്റുകളുള്ള ബീഹാറില്‍ ഒമ്പത്, 14 സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ ഏഴ്, 28 സീറ്റുള്ള കര്‍ണാടകയില്‍ 21 എന്നിങ്ങനെ കോണ്‍ഗ്രസ് മത്സരിച്ചു.

48 സീറ്റുള്ള മഹാരാഷ്ട്രയില്‍ 25 സീറ്റിലും 39 സീറ്റുള്ള തമിഴ്‌നാട്ടില്‍ ഒമ്പത് എണ്ണത്തിലും കോണ്‍ഗ്രസ് മത്സരിച്ചു. എന്നാല്‍ ഇത്തവണ സഖ്യത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുതലാണ്. അതിനാലാണ് പാര്‍ട്ടി കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായത്.

ജയസാധ്യത ഒട്ടും ഇല്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 2019 ല്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി 70 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇത്തവണ ഇരുപതില്‍ താഴെ മണ്ഡലങ്ങളില്‍ മാത്രമാവും മത്സരിക്കുക.

പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ബംഗാളില്‍ ആറ് മണ്ഡലങ്ങള്‍ ചോദിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് മമതയുടെ വാഗ്ദാനം. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനോട് കാര്യമായ വിട്ടുവീഴ്ച്ച വേണ്ട എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.