ജപ്പാന്‍ ഭൂചലനത്തില്‍ മരണം 126; വെല്ലുവിളിയായി കൊടും തണുപ്പ്

ജപ്പാന്‍ ഭൂചലനത്തില്‍ മരണം 126; വെല്ലുവിളിയായി കൊടും തണുപ്പ്

ടോക്യോ: ജപ്പാന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി. തുടര്‍ചലനങ്ങള്‍ക്കിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നു. ഏകദേശം എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മാരകമായ ഭൂചലത്തില്‍ 200ലധികം പേരെ കാണാതായിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രദേശത്തെ 22,000ലധികം വീടുകളെയാണ് ബാധിച്ചത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാല്‍ നന്നേ ക്ഷീണിതരാണ്. 72 മണിക്കൂറിന് ശേഷമാണ് ഒരാളെ രക്ഷിച്ചത്. കാണാതായവരില്‍ പലരെയും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 211 പേരെയാണ് കണ്ടെത്താനുള്ളത്. മഴയും മഞ്ഞുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്നിലെ വെല്ലുവിളി.

പുതുവത്സര ദിനമായ തിങ്കളാഴ്ചയാണ് ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 27 പേരുടെയെങ്കിലും നില ഗുരുതരമാണ്. പശ്ചിമ ജപ്പാനിലെ മണല്‍ നിറഞ്ഞ സമുദ്രതീരം 280 മീറ്റര്‍ മാറിയിട്ടുണ്ടെന്ന് ടോക്യോ സര്‍വകലാശാലയിലെ ഭൂകമ്പ ഗവേഷണ കേന്ദ്രം കണ്ടെത്തി. വാജിമ നഗരത്തില്‍ വലിയ തോതിലുള്ള തീപിടിത്തത്തിനും ഭൂകമ്പം കാരണമായി. മേഖലയില്‍ സുനാമിയും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മിക്കയിടത്തും റോഡുകള്‍ തകര്‍ന്നതിനാല്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യ വസ്തുക്കള്‍ പോലും എത്തിക്കാന്‍ കഴിയുന്നില്ല.

ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം ഒരു ലക്ഷം ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. പുതപ്പും വെള്ളവും മരുന്നും അടക്കമുള്ള സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സഹായങ്ങള്‍ ഇനിയും എത്തിക്കുമെന്നും വാഗ്ദാനമുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ നോട്ടോ ഉപദ്വീപിലും സഹായമെത്തിക്കുമെന്ന് വാഗ്ദാനമുണ്ട്. ആയിരക്കണക്കിന് ജപ്പാന്‍ സൈനികര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.

വീട് നഷ്ടപ്പെട്ട 34000 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇവരില്‍ പലരും വൃദ്ധരാണ്. രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ബ്ലാങ്കറ്റ് മാത്രം ഉപയോഗിച്ച് നിലത്ത് കിടന്നുറങ്ങാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്ന് 67കാരനായ കര്‍ഷകര്‍ മസാഷി ടൊമാരി പറഞ്ഞു. ഭൂകമ്പത്തില്‍ ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞാഴ്ച ഇഷിക്വക്കയിലും പരിസരത്തും നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. ജപ്പാന്‍ ഭൂകമ്പ സാധ്യത കൂടിയ രാജ്യമാണ്. വാരാന്ത്യത്തില്‍ മഴയ്ക്കും മഞ്ഞുപാതനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പുണ്ട്. കുടുതല്‍ തുടര്‍ ചലനങ്ങള്‍ക്കും സാധ്യതയുണ്ട്. കരകൗശല നിര്‍മ്മാണത്തിന് ഏറെ പ്രശസ്തിയാര്‍ജ്ജിച്ച മേഖലയിലാണ് ഇപ്പോള്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കത്തികള്‍, മണ്‍പാത്രങ്ങള്‍, തുടങ്ങിയവ ഉണ്ടാക്കുന്ന ഈ മേഖലയില്‍ മരണങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവരുടെ ജീവിനോപാധികള്‍ വന്‍തോതില്‍ നഷ്ടമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.